ChuttuvattomThodupuzha

കാലൊന്നിടറിയാല്‍ ഓടയ്ക്കുള്ളില്‍ പതിക്കും : തൊടുപുഴ നഗരത്തിലെ ഓടകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍

തൊടുപുഴ : നഗരത്തില്‍ പല ഭാഗത്തും ഓടകളുടെ സ്ലാബുകള്‍ തകര്‍ന്നതോടെ കാല്‍നടയാത്രക്കാര്‍ അപകട ഭീതിയില്‍. ഓടകള്‍ക്കു മുകളിലൂടെയുള്ള നടപ്പാതവഴി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ ശ്രദ്ധയോടെ നടന്നില്ലെങ്കില്‍ ഏതു സമയത്തും ഓടയില്‍ വീണ് അപകടം സംഭവിക്കാം. ചില മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തുറന്നിട്ട ഓടയും സ്ലാബിട്ടു മൂടിയിട്ടില്ല. തിരക്കേറിയ പാതയോരങ്ങളിലെ സ്ലാബുകള്‍ തകര്‍ന്നിട്ടും പിഡബ്ല്യുഡിയോ നഗരസഭയോ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല.

നഗരത്തില്‍ ഗാന്ധി സ്‌ക്വയറിനു സമീപം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന നടപ്പാതയിലെ സ്ലാബുകള്‍ തകര്‍ന്നിട്ട് നാളുകളായി. അടുത്തെത്തു മ്പോഴാണ് സ്ലാബ് തകര്‍ന്നതായി യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുക. അല്‍പ്പം ശ്രദ്ധ പാളിയാല്‍ ഓടയിലേക്ക് വീഴുമെന്നുറപ്പാണ്. ആളുകള്‍ വീഴാതിരിക്കാന്‍ സ്ലാബ് തകര്‍ന്ന സ്ഥലത്ത് മുന്നറിയിപ്പു നല്‍കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. നഗരത്തിലെ പല റോഡുകളിലും ഇത്തരത്തില്‍ ഓടകള്‍ക്കു മുകളില്‍ തകര്‍ന്ന സ്ലാബുകളുണ്ട്. കഴിഞ്ഞ ദിവസം മണക്കാട് ജംഗ്ഷനില്‍ ഓട സ്ലാബിട്ടു മൂടാത്തതില്‍ പ്രതിഷേധിച്ച് യുവാവ് റീത്തുമായി ഓടയിലിറങ്ങി പ്രതിഷേധിച്ചിരുന്നു. റോഡ് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന്‍ സ്ലാബ് മൂടാത്തതിനാല്‍ ഇവിടെ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്.

 

Related Articles

Back to top button
error: Content is protected !!