ChuttuvattomThodupuzha

പെട്ടേനാട് ഉപതെരഞ്ഞെടുപ്പ് : ചിത്രം തെളിഞ്ഞു

തൊടുപുഴ : നഗരസഭ ഒന്‍പതാം വാര്‍ഡായ പെട്ടേനാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞു. ഡമ്മി സ്ഥാനാര്‍ത്ഥികളായി നാമ നിര്‍ദേശ പത്രിക നല്‍കിയിരുന്ന തങ്കച്ചന്‍ ജോണ്‍ നെടുങ്കല്ലേല്‍, ജമാല്‍ വെട്ടിക്കാട്ടുകുന്നേല്‍ എന്നിവര്‍ പത്രിക പിന്‍വലിച്ചു. ജോര്‍ജ് ജോണ്‍ കൊച്ചുപറമ്പില്‍ -യുഡിഎഫ് സ്വതന്ത്രന്‍, ബാബു പുത്തന്‍പുരയില്‍-എല്‍ഡിഎഫ് സ്വതന്ത്രന്‍, രാജേഷ് പൂവാശേരില്‍- ബിജെപി, റൂബി വര്‍ഗീസ് -ആംആദ്മി പാര്‍ട്ടി എന്നിവരാണ് മത്സര രംഗത്തുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. യുഡിഎഫ് മുസ്ലീം ലീഗിനു നല്‍കിയിരിക്കുന്ന സീറ്റില്‍ സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറു മാറി എല്‍ഡിഎഫ് പക്ഷത്ത് ചേര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണായിരുന്നു. തുടര്‍ന്ന് യുഡിഎഫ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

യുഡിഎഫിന് സ്വാധീനമുള്ള വാര്‍ഡില്‍ വിജയ പ്രതീക്ഷയോടെയാണ് ജോര്‍ജ് ജോണ്‍ മത്സരിക്കുന്നത്. എന്നാല്‍ വാര്‍ഡ് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം സ്വതന്ത്രനായി ബാബു ജോര്‍ജിനെ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. വിജയ പ്രതീക്ഷയോടെയാണ് ബിജെപി നിയോജക മണ്ഡലം സെക്രട്ടറിയായ രാജേഷ് പൂവാശേരിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി റൂബി വര്‍ഗീസും മത്സരിക്കുന്നത്. 35 അംഗ ഭരണസമിതിയില്‍ ചെയര്‍മാനുള്‍പ്പെടെ എല്‍ഡിഎഫ് 14, യുഡിഎഫ് 12, ബിജെപി എട്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. യുഡിഎഫ് വിജയിച്ചാല്‍ ഇവര്‍ക്ക് 13 അംഗങ്ങളായി ഉയരും. ഇതിനിടെ മുനിസിപ്പല്‍ ചെയര്‍മാനെതിരേ എല്‍ഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ചെയര്‍മാന്റെ പിന്തുണ എല്‍ഡിഎഫിന് ലഭിക്കാനിടയില്ല. യുഡിഎഫിന് ലഭിച്ചാല്‍ 14 ഉം എല്‍ഡിഎഫിന്റെ കക്ഷി നില 13ഉം ആകും. വാര്‍ഡില്‍ വിജയം നേടുകയെന്നത് രണ്ടു മുന്നണികള്‍ക്കും നിര്‍ണായകമാണ്. ചെയര്‍മാന്റെ നിലപാടും നഗരസഭയില്‍ മാറ്റത്തിനു വഴി തെളിക്കും.

Related Articles

Back to top button
error: Content is protected !!