Idukki

ക​ന​ത്ത ഇ​ടി​മി​ന്ന​ലും മ​ഴ​യും: ആ​ശ​ങ്ക​യോ​ടെ ജി​ല്ല

 

തൊടുപുഴ: ശക്തമായ വേനല്‍മഴയും പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നലും നാടിനെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വേനല്‍മഴ പല മേഖലകളിലും കനത്ത നാശനഷ്ടമാണ് വിതയ്ക്കുന്നത്. മഴയും കാറ്റും ജില്ലയുടെ പല ഭാഗത്തും കാര്‍ഷികമേഖലയില്‍ വലിയ തോതില്‍ നാശം വരുത്തിയിട്ടുണ്ട്. ഹൈറേഞ്ചിനു പുറമെ ലോറേഞ്ചിലും മഴ ശക്തമായി പെയ്യുകയാണ്. എന്നാല്‍, മഴക്കെടുതിയില്‍ കാര്‍ഷികമേഖലയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. മഴ മൂലം വാഴ, റബര്‍, ഏലം തുടങ്ങിയ വിളകള്‍ക്കാണ് വ്യാപകമായി നാശനഷ്ടം ഉണ്ടായത്. കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീണും വിളകള്‍ക്ക് വ്യാപക നാശം സംഭവിച്ചു. ഹൈറേഞ്ചില്‍ ഏലത്തോട്ടങ്ങളില്‍ വ്യാപകമായി നാശനഷ്ടമുണ്ടായി. വേനല്‍ കനത്ത സാഹചര്യത്തിലാണ് ആശ്വാസമായി മഴയെത്തിയത്. ഇതോടെ കുടിവെള്ളക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമായി. കൊടുംചൂടില്‍ വരണ്ടുതുടങ്ങിയ കിണറുകളിലും കുളങ്ങളിലും ജലനിരപ്പുയര്‍ന്നുതുടങ്ങി. കരിഞ്ഞുതുടങ്ങിയ കാര്‍ഷികവിളകള്‍ക്കും മഴ ആശ്വാസം പകര്‍ന്നു. ശക്തമായ മഴയോടൊപ്പമെത്തുന്ന കാറ്റാണ് ഹൈറേഞ്ചിലും മറ്റും ഭീതി വിതയ്ക്കുന്നത്. കനത്ത കാറ്റില്‍ മരങ്ങള്‍ മറിഞ്ഞും വൈദ്യുതി ലൈന്‍ പൊട്ടിവീണും ഏലത്തോട്ടം മേഖലയിലും മറ്റും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വേനല്‍മഴയോടൊപ്പമെത്തുന്ന ശക്തമായ ഇടിമിന്നലാണ് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത്. മഴയ്ക്കു മുന്നോടിയായാണ് പലപ്പോഴും ശക്തമായ ഇടിമിന്നലുണ്ടാകുന്നത്. ഇടിമിന്നല്‍ മൂലം ജില്ലയില്‍ ഇത്തവണ കാര്യമായ അപകടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ ലക്ഷക്കണക്കിനു രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് കത്തിനശിച്ചത്. അപ്രതീക്ഷിതമായി മിന്നല്‍ ഉണ്ടാകുന്നതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും മറ്റുമുള്ള സാഹചര്യം ലഭിച്ചെന്നുവരില്ല. അതിനാല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കു നാശം നേരിടുന്നതിനു പുറമെ വീടുകളിലെ വയറിംഗും കത്തിപ്പോകാറുണ്ട്. ഇടിമിന്നലേറ്റ് വൈദ്യുതി മീറ്റര്‍ കത്തുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു. വേനല്‍മഴയെത്തിയാല്‍ പതിവായി വൈദ്യുതി മീറ്റര്‍ കത്തിയെന്ന പരാതി കെ എസ്ഇബി ഓഫീസുകളില്‍ എത്താറുണ്ട്. വേനല്‍മഴയോടൊപ്പം മിന്നലുണ്ടായാല്‍ മീറ്ററുകള്‍ മാറ്റുന്നതുതന്നെ കെ എസ്ഇബി അധികൃതര്‍ക്ക് പതിവു പരിപാടിയാണ്. ഇടിമിന്നലുണ്ടായാല്‍ 11 കെവി ലൈനുകളില്‍ തകരാറുണ്ടാകുന്നതും പതിവാണ്. ലൈനുകള്‍ ബന്ധിപ്പിക്കുന്നതും വഴിതിരിച്ചു വിടുന്നതുമായ ഡിസ്‌കുകളും ഇന്‍സുലേറ്ററുകളും പൊട്ടിത്തെറിക്കുന്നതും പതിവാണ്. ഇതു പലപ്പോഴും ദിവസങ്ങളോളമുള്ള വൈദ്യുതി തടസത്തിനു കാരണമാകും. കാറ്റിലും മഴയിലും മിന്നലിലും എല്‍ടി ലൈനുകളിലും തകരാറുകള്‍ പതിവായി ഉണ്ടാകും. ലൈന്‍ പൊട്ടിവീണോ കാറ്റില്‍ വൈദ്യുതി പോസ്റ്റുകളിലേക്ക് മരം മറിഞ്ഞുവീണോ തകരാറുകള്‍ സംഭവിക്കുന്നു. ഇതോടെ വൈദ്യുതിമുടക്കവും പതിവായി ഉണ്ടാകുന്നു. വേനല്‍മഴ പെയ്യുന്നതോടെ കെ എസ്ഇബി ഓഫീസിലേക്ക് ഇത്തരം പരാതികള്‍ നിരന്തരം എത്താറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മിന്നലുണ്ടാകുന്‌പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

Related Articles

Back to top button
error: Content is protected !!