Local LiveVannappuram

റേഷന്‍ കട ലൈസന്‍സ് റദ്ദ് ചെയ്തു; വലഞ്ഞ് 458 കുടുംബങ്ങള്‍

വണ്ണപ്പുറം: ചീങ്കല്‍ സിറ്റിയിലെ 187-ാം നന്പര്‍ റേഷന്‍കടയുടെ ലൈസന്‍സ് റദ്ദു ചെയ്തതോടെ ഉപയോക്താക്കള്‍ ദുരിതത്തിലായി. കിലോമീറ്ററുകള്‍ അകലെയുള്ള റേഷന്‍കടയില്‍നിന്നാണ് ഇപ്പോള്‍ ഇവര്‍ റേഷന്‍ വാങ്ങുന്നത്. അഞ്ചുവര്‍ഷം മുന്പ് സ്ഥാപനത്തിന്റെ ലൈസന്‍സി കട തുടര്‍ന്നു നടത്താന്‍ താത്പര്യമില്ലെന്നു കാട്ടി പൊതുവിതരണ വകുപ്പിന് കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ലൈസന്‍സ് മരവിപ്പിക്കുകയും 111-ാം നന്പര്‍ കടയുമായി ചേര്‍ത്ത് ചീങ്കല്‍ സിറ്റിയില്‍ത്തന്നെ പ്രവര്‍ത്തിച്ചുവരികയുമായിരുന്നു. കഴിഞ്ഞദിവസം താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ കടയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചതായി നോട്ടീസ് പതിച്ചു. ഇതോടെ ഇവിടെനിന്നു റേഷന്‍ വാങ്ങിയിരുന്ന 458 കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. ഇവിടെനിന്നു റേഷന്‍ വാങ്ങിയിരുന്നവരില്‍ കൂടുതലും പട്ടികജാതി-വര്‍ഗ കുടുംബങ്ങളും അതി ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഇവരെയൊക്കെ വഴിയാധാരമാക്കിയാണ് റേഷന്‍കടയുടെ ലൈസന്‍സ് റദ്ദ് ചെയ്ത്. ഇടുക്കിയില്‍ ഇത്തരത്തില്‍ അറ്റാച്ചുചെയ്തു പ്രവര്‍ത്തിക്കുന്ന 12 റേഷന്‍ കടകളും വണ്ണപ്പുറത്തു തന്നെ ഇപ്പോള്‍ റദ്ദുചെയ്തതുള്‍പ്പെടെ മൂന്നെണ്ണവും പ്രവര്‍ത്തിക്കുന്നുണ്ട് ഇത്തരം സാഹചര്യത്തിലാണ് സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് ചീങ്കല്‍സിറ്റിയിലെ കട റദ്ദുചെയ്തത്.
പൊതുവിതരണ വകുപ്പില്‍ നിന്ന് കിട്ടിയ ഉത്തരവനുസരിച്ചാണ് കടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ് പറഞ്ഞു. പുതിയ അപേക്ഷ ക്ഷണിച്ച് ലൈസന്‍സ് നല്‍കുന്നതുവരെ സമീപത്തെ കടകളില്‍നിന്നു റേഷന്‍ വാങ്ങാമെന്നും ഇദ്ദേഹം പറഞ്ഞു. റേഷന്‍കടയുടെ പ്രവര്‍ത്തനം നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ 17ന് ചീങ്കല്‍ സിറ്റിയില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!