ChuttuvattomThodupuzha

പുലിപ്പേടിയിലും വോട്ട് മുടക്കാതെ ഇല്ലിചാരി നിവാസികള്‍

തൊടുപുഴ : പുലിപ്പേടിയ്ക്കിടയിലും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ മറക്കാതെ ഇല്ലിചാരി നിവാസികള്‍. ആശങ്കയ്ക്കിടയിലും 73.55 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്.പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ, ഭയം കാരണം പകല്‍സമയത്തു പോലും വാതിലുകള്‍ അടച്ചിട്ട് വീടിനുള്ളില്‍ തന്നെ കഴിയുകയാണ് മിക്ക കുടുംബങ്ങളും. ജോലിക്കും മറ്റും പോകുന്നവര്‍ പരമാവധി നേരം ഇരുട്ടും മുമ്പ് തന്നെ വീടുകളില്‍ എത്തിച്ചേരാന്‍ ശ്രമിക്കും. പുലിയെ പേടിച്ച് റബര്‍ ടാപ്പിംഗ് ഉപേക്ഷിച്ചവരുമുണ്ട്. ആട്, നായ ഉള്‍പ്പെടെ ഇരുപതിലധികം വളര്‍ത്തു മൃഗങ്ങളെയാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പുലി കൊന്നുതിന്നത്. വനംവകുപ്പിന്റെ നിരീക്ഷണക്യാമറയില്‍ കഴിഞ്ഞ 16ന് പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുലിയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്. ആദ്യം ഇരയായി വച്ചിരുന്ന ചത്ത കോഴി അഴുകിയതിനെത്തുടര്‍ന്ന്, കഴിഞ്ഞദിവസം ഇതിനെ മാറ്റി മറ്റൊന്നിനെ വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം എന്താകും എന്നതിനെക്കാള്‍, പുലി എന്നു കൂട്ടിലാകും എന്നറിയാനാണ് ഇല്ലിചാരി നിവാസികള്‍ക്ക് ആകാംക്ഷ.

Related Articles

Back to top button
error: Content is protected !!