Local LiveMoolammattam

പതിപ്പിള്ളിയില്‍ വീട്ടിലേക്ക് ജിപ്പിടിച്ച് കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം : പ്രതി റിമാന്‍ഡില്‍

മൂലമറ്റം: കുടുംബം പ്രശ്‌നത്തിന്റെ പേരില്‍ ഭാര്യാമാതാവിന്റെ വീട്ടിലേക്ക് ജീപ്പിടിച്ച് കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പതിപ്പിള്ളി സൂര്യന്‍കുന്നേല്‍ പ്രേംജിത്തിനെ(37) (കണ്ണന്‍) യാണ് ഞായറാഴ്ച രാത്രിയില്‍ കാഞ്ഞാര്‍ പോലീസ് പിടികൂടിയത്. ഭാര്യയുടേയും ഭാര്യാമാതാവിന്റെയും പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ ഭവനഭേദനം, അപായപ്പെടുത്താന്‍ ശ്രമം തുടങ്ങിയവ ഉള്‍പ്പെടുന്ന 308, 452, 294(ബി), 323, 324, 506, 427 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് ഇയാളുടെ സ്വന്തം വീട്ടില്‍ വച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും തുടര്‍ന്ന് കുട്ടികളെ മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ഭാര്യ സ്വന്തം വീട്ടിലേക്ക് മൂന്ന് കുട്ടികളുമായി പോയതിനു പിന്നാലെ ഇവിടെ എത്തിയ പ്രതി പ്രശ്‌നമുണ്ടാക്കുകയും ഭാര്യാമാതാവിനെയും ഭാര്യയെയും ആക്രമിക്കുകയുമുണ്ടായി.പ്രശ്‌നം രൂക്ഷമായതോടെ ഇവരുടെ അടുത്ത ബന്ധുവെത്തി പ്രതിയെ പുറത്താക്കി വാതിലടച്ചു. ഇതിനിടെ വിദ്യാര്‍ത്ഥികളുമായടക്കം സര്‍വീസ് നടത്തുന്ന കമാന്‍ഡര്‍ ജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മുന്നില്‍ നിന്ന് ഭാര്യമാതാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം സഹോദരിയുടെ കൈ കുഞ്ഞടക്കം അഞ്ച് കുട്ടികളും വീട്ടിലുണ്ടായിരുന്നു. നിരവധി തവണ വാഹനം പിന്നോട്ടെടുത്ത് വാതിലിനിട്ട് ഇടിച്ച് മരത്തിന്റെ ഡോര്‍ തകര്‍ത്തു. ജനലിന്റെ ചില്ലുകളും തല്ലിപ്പൊളിച്ചു. ഇതിനിടെ വീട്ടിലുള്ളവര്‍ സമീപത്തെ വീട്ടിലെത്തി അഭയം പ്രാപിക്കുകയായിരുന്നു. വീടിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പലയിടത്തും വിള്ളല്‍ രൂപപ്പെട്ടു. സിറ്റൗട്ടിലെ ടൈലുകളും തകര്‍ന്നിട്ടുണ്ട്. 1 ലക്ഷം രൂപയുടെ നാശമാണ് കണക്കാക്കുന്നത്.പ്രതിയായ പ്രേംജിത്ത് ഇത് മൂന്നാമത്തെ തവണയാണ് വീട്ടിലേക്ക് വാഹനം ഓടിച്ച് കയറ്റുന്നത്. രണ്ട് വര്‍ഷം മുമ്പ് സ്വന്തം വീട്ടിലേക്കും ഏതാനം മാസങ്ങള്‍ മുമ്പ് തറവാട്ട് വീട്ടിലും ഇയാള്‍ സമാനമായ ആക്രമണം നടത്തി. അന്ന് വീട്ടുകാര്‍ പരാതിയുമായി പോകാത്തതിനാല്‍ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. ആക്രമണ വാസനയുള്ള പ്രതി വാഹനവുമായി നിരത്തിലിറങ്ങിയാല്‍ മറ്റുള്ളവരെ അപായപ്പെടുത്താന്‍ ഇത് കാരണമാകുമെന്നും പരാതിക്കാര്‍ പറയുന്നു.

കാഞ്ഞാര്‍ എസ്എച്ച്ഒ സോള്‍ജിമോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ആക്രമണം നടത്തിയ വാഹനം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വാഹനം കോടതിയ്ക്ക് കൈമാറി. ഇയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ടിഒയ്ക്ക് കത്ത് നല്‍കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!