ChuttuvattomIdukki

ആശമാരുടെ സേവനം ഇനി ആയുഷ് മേഖലയിലും; പരിശീലനത്തിന് തുടക്കമായി

ഇടുക്കി: ജില്ലയിലെ ആശാപ്രവർത്തകരുടെ സേവനം ഇനി ആയുഷ് മേഖലയിലും ലഭ്യമാക്കുന്നതിനുള്ള പരിശീലനത്തിന് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യത്തിന്റയും ദേശീയ ആയുഷ് ദൗത്യത്തിന്റെയും നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ഡിഎംഒ (ആരോഗ്യം) ഡോ. മനോജ് എൽ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ഡി.പി.എം ഡോ. അനൂപ് എം.കെ അധ്യക്ഷത വഹിച്ചു. ഒന്നാം ഘട്ടത്തിൽ ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിൽ നിന്നും തെരഞ്ഞെടുത്ത 95 ആശമാർക്കാണ് പരിശീലനം നൽകുന്നത്.

ഒരു ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററിന്റെ പരിധിയിലെ അഞ്ച് ആശമാർക്ക് വീതമാണ് ഇപ്പോൾ പരിശീലനം ലഭ്യമാക്കുന്നത്. അടുത്ത ബാച്ചിന്റെ പരിശീലനം പിന്നീട് നടക്കും. ദേശീയ ആയുഷ് ദൗത്യം ഡി.പി.എം ഡോ. എം.എസ്. നൗഷാദ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയ്നി പി, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനീത ആർ പുഷ്‌കരൻ, ജില്ലാ ആശാ കോർഡിനേറ്റർ അനിൽ ജോസഫ് എന്നിവർ സംസാരിച്ചു. ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളുടെ പ്രവർത്തനങ്ങൾ, ആയുർവേദം, ഹോമിയോ, യോഗ തുടങ്ങിയ വിവിധ വിഷയങ്ങളിലെ പരിശീലനത്തിന് ഡോ. എം.എസ്. നൗഷാദ്, ഡോ. കൃഷ്ണപ്രിയ, ഡോ. ജെറോം, ദീപു അശോകൻ എന്നിവർ നേതൃത്വം നൽകി. പരിശീലനം ലഭിച്ച ആശമാർക്ക് നൽകുന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു.

Related Articles

Back to top button
error: Content is protected !!