ChuttuvattomThodupuzha

കൊടും ചൂടിന് ആശ്വാസമായി വേനല്‍ മഴയെത്തി ; പലയിടങ്ങളിലും നാശനഷ്ടം

തൊടുപുഴ : മാസങ്ങള്‍ നീണ്ട കൊടും ചൂടിന് ആശ്വാസമായി ജില്ലയില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചു തുടങ്ങി. തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വേനല്‍ മഴ പെയ്യുന്നത് ഒരു പരിധി വരെ ആശ്വാസമായിട്ടുണ്ട്. ചൂടിനെ തുടര്‍ന്ന് നട്ടം തിരിഞ്ഞ കാര്‍ഷിക മേഖലയിലും വേനല്‍ മഴ ആശ്വാസമായി. തുടര്‍ച്ചയായ ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ കരിഞ്ഞുണങ്ങിയ കൃഷി മേഖല തലയുയര്‍ത്താന്‍ തുടങ്ങും. മഴ പെയ്ത സ്ഥലങ്ങളില്‍ കടുത്ത ചൂടിന് അല്‍പം ആശ്വാസമായിട്ടുണ്ട്. വേനല്‍ മഴയില്‍ ഇത്തവണ 69 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെടുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 12 വരെ ജില്ലയില്‍ ലഭിച്ചത് വെറും 87.33 മില്ലി മീറ്റര്‍ മഴയാണ്. 279.22 എം.എം മഴയാണ് ലഭിക്കേണ്ടിയിരുന്നത്.

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള കടുത്ത ചൂടാണ് ഇത്തവണ ജില്ലയുടെ വിവിധ മേഖലകളില്‍ അനുഭവപ്പെട്ടത്. ഒട്ടുമിക്ക കാര്‍ഷിക വിളകളും കൃഷിയിടങ്ങളും ജില്ലയില്‍ വരണ്ടുണങ്ങി. ഇക്കൊല്ലമുണ്ടായ രൂക്ഷമായ വരള്‍ച്ച ജില്ലയുടെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചതായാണ് കൃഷി വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17481.52 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശം ഉണ്ടായിട്ടുള്ളതെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. 30183 കര്‍ഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടവുമുണ്ടായി. ഏലം കര്‍ഷകരെയാണ് വരള്‍ച്ച ഏറെ ബാധിച്ചത്. 22311 കര്‍ഷകരുടെ 16220.6 ഹെക്റ്ററിലെ ഏലം ഉണങ്ങി. 113.54 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്കുകള്‍. മറ്റു നാണ്യ വിളകളെയും പച്ചക്കറി കൃഷിയെയും വരള്‍ച്ച ബാധിച്ചു. തൊടുപുഴയിലും സമീപ പഞ്ചായത്തുകളിലും കട്ടപ്പന കാഞ്ചിയാര്‍ മേഖലകളിലും വേനല്‍ മഴയില്‍ വ്യാപക നാശം ഉണ്ടായി. നിരവധിയിടങ്ങളിലാണ് മരങ്ങള്‍ കടുപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞ് വീണും നാശമുണ്ടായത്. നിരവധി പേരുടെ വാഴ, കപ്പ പോലുള്ള കൃഷികളും കാറ്റില്‍ നശിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!