ChuttuvattomCrimeThodupuzha

പ്രകൃതിവിരുദ്ധ പീഡനം : ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍

തൊടുപുഴ: പ്രീമെട്രിക് ട്രൈബല്‍ ബോയ്‌സ് ഹോസ്റ്റലിലെ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കൊല്ലം പാവുമ്പ മണപ്പിള്ളി രാജീവ് ഭവനില്‍ രാജീവിനെ (41) യാണ് തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പല്‍ എസ്ഐ ജി.അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തൊടുപുഴയുടെ സമീപ പഞ്ചായത്തിലെ ട്രൈബല്‍ ഹോസ്റ്റലിലെ അഞ്ചു കുട്ടികള്‍ക്കെതിരെയാണ് അതിക്രമം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ജനുവരി 26നാണ് കേസിനാസ്പദമായ സംഭവം. ഇതിനു മുന്‍പും കുട്ടികള്‍ക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സൂചനയുണ്ട്. പീഡനവിവരം കുട്ടികള്‍ ഹോസ്റ്റലിലെ ജീവനക്കാരെയാണ് ആദ്യം അറിയിച്ചത്. ഇവര്‍ വിവരം സംയോജിത പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസറെ അറിയിച്ചു. ഇവിടെനിന്നു പോലീസിനു വിവരം കൈമാറി. ഇതോടെ തൊടുപുഴ മണക്കാട് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് രാജീവിനെ കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. ആറു വര്‍ഷമായി പ്രതി ഹോസ്റ്റലില്‍ ജോലി ചെയ്തുവരികയാണ്. കുട്ടികളെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

ഭയംമൂലം കുട്ടികള്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ മടിച്ചതായും കുട്ടികള്‍ക്കു നേരേ മുന്‍പും ഇയാളില്‍നിന്ന് മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും കൗണ്‍സലിംഗിനു ശേഷമേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു. ആകെ 62 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

 

Related Articles

Back to top button
error: Content is protected !!