Thodupuzha

എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം; പ്രതികളെ കുറിച്ച് സൂചന

തൊടുപുഴ: കരിമണ്ണൂരില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതികളെ കുറിച്ച് കരിമണ്ണൂര്‍ പൊലീസിന് വിവരം ലഭിച്ചു. അയല്‍ സംസ്ഥാനത്ത് നിന്നെത്തിയ തൊഴിലാളികളുടെ നേതൃത്വത്തിലാണ് കവര്‍ച്ച ശ്രമം നടത്തിയതെന്നും ഇവര്‍ സംസ്ഥാനം വിട്ടതായുമാണ് ലഭിക്കുന്ന വിവരം. കരിമണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി. എം കൗണ്ടറിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ കവര്‍ച്ചാ ശ്രമം നടന്നത്. ആയുധങ്ങള്‍ ഉപയോഗിച്ച് എ.ടി.എം കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കള്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ദൃശ്യം എ.ടി.എമ്മിലെ സി.സി.ടി. വിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. രണ്ടു പേരുടെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കറുത്ത ടീഷര്‍ട്ട് ധരിച്ചയാളും ഷര്‍ട്ടിടാത്തയാളും എ.ടി.എമ്മിലേക്ക് കടക്കുന്നതും കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരാള്‍ എ.ടി.എം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റെയാള്‍ പരിസരം നിരീക്ഷിക്കുന്ന ദൃശ്യവുമാണ് ലഭിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കൗണ്ടര്‍ പൊളിച്ചെങ്കിലും പണം ലഭിക്കാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്‍വാങ്ങുകയായിരുന്നു. രാവിലെയെത്തിയ ബാങ്ക് അധികൃതരാണ് എ.ടി.എം തകര്‍ന്നു കിടക്കുന്നത് കാണുന്നത്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!