ChuttuvattomThodupuzha

വഴിത്തലയിലെ തണല്‍ മരങ്ങള്‍ മുറിച്ചുനീക്കാന്‍ ശ്രമം

തൊടുപുഴ: വഴിത്തല ടൗണില്‍ ജനങ്ങള്‍ക്ക് തണലേകിയ മരങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചതായി പരാതി. വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശം രാജീവ് ഗാന്ധി പ്രതിമയ്ക്കു സമീപത്തുനിന്ന മരങ്ങളാണ് വെട്ടിവീഴ്ത്താന്‍ ശ്രമിച്ചത്. നാട്ടുകാരും ഓട്ടോത്തൊഴിലാളികളും ചേര്‍ന്ന് ഇതു സംബന്ധിച്ച് പുറപ്പുഴ പഞ്ചായത്തിലും പൊതുമരാമത്ത് അധികൃതര്‍ക്കും പരാതി നല്‍കി. ഓട്ടോത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഇവിടെ മാവും ചാന്പയും ബദാമും നട്ടുപരിപാലിച്ചു വരുന്നത്. മൂന്നു മാസം മുമ്പ ചാന്പ ആരോ വെട്ടിവീഴ്ത്തി. രണ്ടാഴ്ചകള്‍ക്കു മുന്പ് ബദാമിന്റെ ചുവട് മുറിക്കാനും ശ്രമിച്ചു.

ചുവട്ടില്‍ കോടാലികൊണ്ട് വെട്ടിയ പാടുകളുണ്ട്. ഞായറാഴ്ച രാത്രിയാണ് മാവ് യന്ത്രവാള്‍ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമം നടന്നത്. ഒരു ചുവട്ടില്‍നിന്ന് രണ്ടായി മുളച്ചുപൊന്തിയ മാവിന്റെ ഒരുഭാഗം പകുതിയിലേറെ മുറിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ ടൗണിലെത്തിയ ഓട്ടോത്തൊഴിലാളികളാണിത് കണ്ടത്.
ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ശിഖരങ്ങള്‍ മുറിച്ചുമാറ്റി മാവ് സംരക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. ഓട്ടോത്തൊഴിലാളികള്‍ നട്ടുവളര്‍ത്തിയ ബദാംമരം അവര്‍തന്നെ തറകെട്ടിയാണ് സംരക്ഷിക്കുന്നത്. ഇവിടെയെത്തുന്നവര്‍ വേനല്‍ച്ചൂടില്‍നിന്ന് രക്ഷനേടാന്‍ ആശ്രയിക്കുന്നത് ഈ മരത്തണലുകളാണ്. കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!