Thodupuzha

ബസ് യാത്രക്കിടെ വിദ്യാര്‍ഥിക്ക് നെഞ്ചു വേദന; രക്ഷകരായി പോലീസ്

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ട വിദ്യാര്‍ഥിയെ തൊടുപുഴ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. തൊടുപുഴ കോ-ഓപ്പറേറ്റീവ് കോളജിലെ ബി-കോം വിദ്യാര്‍ഥി അഭിജിത്തിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനായത്. അഭിജിത്തിന് അടിയന്തര ചികില്‍സ ലഭിച്ചതിനാല്‍ അപകട നില തരണം ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം തൊടുപുഴ – കുമാരമംഗലം റൂട്ടില്‍ കണ്‍ട്രോള്‍ റൂം എസ്.ഐ എം.ഡി.രാജന്‍, സി.പി.ഒ തോമസ് ചാക്കോ, ഡ്രൈവര്‍ ടി.എം.സുനില്‍ എന്നിവര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ്. സംഭവം. തൊടുപുഴയില്‍ നിന്നും അടിമാലിയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് പോലീസ് വാഹനത്തിനു മുന്നില്‍ നിര്‍ത്തി യാത്രക്കാരന് അസഹ്യമായ നെഞ്ചു വേദനയാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും അഭ്യര്‍ഥിച്ചു. ഉടന്‍ തന്നെ അഭിജിത്തിനെ പോലീസ് വാഹനത്തില്‍ കയറ്റി വേഗത്തില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ അഭിജിത്തിന് അടിയന്തര ചികില്‍സ ഉറപ്പാക്കിയാണ് പോലീസുകാര്‍ മടങ്ങിയത്. മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങളെ പോലീസ് സ്റ്റേഷനില്‍ ആദരിക്കുമെന്ന് ഡിവൈ.എസ്.പി എം.ആര്‍.മധുബാബു പറഞ്ഞു

Related Articles

Back to top button
error: Content is protected !!