Thodupuzha

കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം; വിഷുവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും

 

തൊടുപുഴ: കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുവിളക്ക് മഹോത്സവം ശനിയാഴ്ച കൊടിയേറി 16ന് ആറാട്ടോടുകൂടി സമാപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ചടങ്ങുകള്‍ മാത്രമായി നടത്തിയിരുന്ന ഉത്സവത്തിന് ഇത്തവണ ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അരങ്ങേറും. ഒന്നാം ഉത്സവ ദിനമായ ശനിയാഴ്ച വൈകിട്ട് വിശേഷാല്‍ ചുറ്റുവിളക്ക് ദീപാരാധനക്ക് ശേഷം 8 ന് ഉത്സവത്തിന് കൊടിയേറും. ക്ഷേത്രം തന്ത്രി കാവനാട്ട് പരമേശ്വരന്‍ നമ്പൂതിരി മുഖ്യകര്‍മികത്വം വഹിക്കും. തുടര്‍ന്നുള്ള ഉത്സവ ദിവസങ്ങളില്‍ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ എതൃത്തപൂജ, പന്തീരടി പൂജ, കലശാഭിഷേകങ്ങള്‍, ശ്രീഭൂതബലി, വൈകുന്നേരങ്ങളില്‍ പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെയുള്ള കാഴ്ചശ്രീബലി, വിശേഷാല്‍ ചുറ്റുവിളക്ക് ദീപാരാധന, ശ്രീഭൂതബലി, കൊടിപുറത്തു വിളക്ക് എന്നീ ചടങ്ങുകളും നടക്കും.

ഉത്സവത്തിന്റെ പ്രധാന ദിനമായ 15ന് വിഷുദിനത്തില്‍ 7-ാം ഉത്സവത്തൊടനുബന്ധിച്ച് രാവിലെ 5ന് വിഷുക്കണി ദര്‍ശനം, 9ന് പ്രധാന ചടങ്ങായ ഉത്സവബലി, 11 മുതല്‍ ഉത്സവ ബലിദര്‍ശനം, ശേഷം വിഭവസമൃദ്ധമായ വിഷുസദ്യ എന്നിവയും നടത്തും. അന്നേദിവസം വൈകിട്ട് ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാത്രി 9 ന് കോലാനി കവലയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തുടര്‍ന്ന് 40ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളം, എതിരേല്‍പ്പ് ദീപക്കാഴ്ച, നാദസ്വരം, എന്നിവയും നടത്തും. ഉത്സവത്തിന്റെ സമാപന ദിവസമായ 16ന് വൈകിട്ട് 5ന് ശേഷം മണക്കാട് കുറമ്പത്തൂര്‍ മന കടവില്‍ ആറാട്ട് നടക്കും. തിരിച്ച് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്ന ആറാട്ട് ഘോഷയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ എതിരേല്‍പ്പ് സ്വീകരണം നല്‍കും. തുടര്‍ന്ന് തിരുമുമ്പില്‍ പറ വയ്പ്. ഉത്സവത്തോടനുബന്ധിച്ച് വേദിയില്‍ 14ന് ഗാനമേള, 15ന് സോപാന സംഗീതം, നൃത്തനൃത്ത്യങ്ങള്‍ – നടനമോഹനം 2022 എന്നീ കലാപരിപാടികള്‍ അരങ്ങേറും.

Related Articles

Back to top button
error: Content is protected !!