ChuttuvattomThodupuzha

സ്‌നേഹവും കരുതലും പങ്കുവയ്ക്കാൻ ദമ്പതികൾ തയ്യാറാകണം: വനിത കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി

തൊടുപുഴ:കുടുംബം ഏത് രീതിയിൽ ജീവിക്കണം എന്നതിനെപ്പറ്റി ദമ്പതികൾക്ക് നല്ല ധാരണ ഉണ്ടാകണമെന്നും, സ്‌നേഹവും കരുതലും പരസ്പരം പങ്കുവയ്‌ക്കേണ്ടതുണ്ടെന്നും വനിത കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. തൊടുപുഴ നഗരസഭ ടൗൺഹാളിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. കുടുംബം നോക്കുന്നതിനൊപ്പം പങ്കാളിക്ക് സ്‌നേഹവും കരുതലും നൽകാൻ ശ്രദ്ധിക്കണം. ഇതിൽ വീഴ്ചയുണ്ടാകുന്നത് ഭാര്യയും ഭർത്താവും തമ്മിൽ അകലുന്നതിന് കാരണമാകും.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാകുന്നുണ്ട്. ദമ്പതികൾ തമ്മിലുള്ള സ്‌നേഹവും പരസ്പര ധാരണയും ഇല്ലാതാകുന്നതാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതു മൂലമുള്ള പ്രശ്‌നങ്ങളും വർധിച്ചു വരികയാണ്.തദ്ദേശഭരണസ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികളെ ശക്തമാക്കുന്നതിന് വനിത കമ്മിഷൻ നടപടി ആരംഭിച്ചട്ടുണ്ടെന്നും അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി പറഞ്ഞു. ഇതിന്റെ ഭാഗമായി പരിശീലന പദ്ധതി ആരംഭിച്ചുകഴിഞ്ഞു.

എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതമാക്കും. പ്രാദേശിക പരാതികൾ ജാഗ്രതാ സമിതികളിലൂടെയാകും പരിഹരിക്കുക.വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ തുടങ്ങിയ പരാതികളാണ് പ്രധാനമായും തൊടുപുഴ സിറ്റിംഗിൽ പരിഗണനയ്ക്ക് എത്തിയത്. ആകെ 32 പരാതികൾ സിറ്റിംഗിൽ പരിഗണിച്ചു. 14 എണ്ണം തീർപ്പാക്കി. രണ്ടു പരാതികൾ കൗൺസിലിംഗിന് റഫർ ചെയ്തു. മൂന്നു പരാതികൾ പോലീസ് റിപ്പോർട്ടിന് അയച്ചു. മൂന്നാറിൽ നിശ്ചയിച്ച കമ്മീഷൻ സിറ്റിംഗ് അവിചാരിതങ്ങളായ കാരണങ്ങളാലാണ് തൊടുപുഴയിലേക്ക് മാറ്റിയത്. വനിത കമ്മിഷൻ സിഐ ജോസ് കുര്യൻ, കൗൺസിലർ ജിസ്മി ജോസഫ്, വനിത ഹെൽപ്പ്‌ലൈൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!