Idukki

വയോധികയ്ക്ക് സംരക്ഷണം നല്‍കണം : മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി : വാര്‍ധക്യത്തില്‍ തന്നെ സംരക്ഷിക്കണമെന്ന ഉപാധിയില്‍ 20 സെന്റ് സ്ഥലവും കെട്ടിടവും അഞ്ചു ലക്ഷം രൂപയും ചാരിറ്റബിള്‍ സൊസൈറ്റിക്ക് വിട്ടുകൊടുത്തിട്ടും തന്നെ സംരക്ഷിക്കാനോ കെട്ടിടവും സ്ഥലവും വിട്ടുനല്‍കാനോ സൊസൈറ്റി തയാറാവുന്നില്ലെന്ന പരാതിയുമായി മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ വയോധിക.സിവില്‍ കോടതിയില്‍ പരാതിക്കാരിക്ക് ജില്ലാ നിയമ സേവന അഥോറിറ്റി ആവശ്യമായ നിയമസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

സിവില്‍ കോടതി മുഖാന്തിരം നീതി തേടാമെന്നും പരാതിക്കാരിയുടെ പൂര്‍ണസമ്മതം വാങ്ങിയശേഷം സാമൂഹിക നീതി വകുപ്പിന്റെ ഒരു സ്ഥാപനത്തില്‍ പരാതിക്കാരിക്ക് സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അയ്യപ്പന്‍ കോവില്‍ സ്വദേശി അന്നമ്മ വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. കോതമംഗലം ഊന്നുകല്ലിലുള്ള സ്ഥാപനത്തിനാണ് പരാതിക്കാരി സ്ഥലം നല്‍കിയതെന്നും ഇവര്‍ക്ക് നല്‍കിയ ഉറപ്പ് സ്ഥാപനം പാലിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇപ്പോള്‍ സൊസൈറ്റിക്ക് വൃദ്ധസദനം തുടങ്ങാന്‍ താല്‍പ്പര്യമില്ല. പരാതിക്കാരി ഒറ്റയ്ക്കാണ് താമസമെന്നും സംരക്ഷണം ഉറപ്പുവരുത്തണമെന്നും കളക്ടര്‍ കമ്മീഷനെ അറിയിച്ചു.

ജില്ലാ സാമൂഹികനീതി ഓഫീസറും ഇതേ വിവരം റിപ്പോര്‍ട്ട് ചെയ്തു. പരാതിക്കാരിയെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും സാമൂഹികനീതി ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സിവില്‍ കോടതിയെ സമീപിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

 

 

Related Articles

Back to top button
error: Content is protected !!