ChuttuvattomIdukkiThodupuzha

ഭൂമി പതിവ് നിയമം ഫലപ്രദമാവണമെങ്കില്‍ കൂടുതല്‍ ഭേദഗതി ആവശ്യം; പി ജെ ജോസഫ് എംഎല്‍എ

തൊടുപുഴ: നിയമസഭയില്‍ അവതരിപ്പിച്ച ഭൂനിയമ ഭേദഗതി ഫലപ്രദമാവണമെങ്കില്‍ നിയമത്തിന് കൂടുതല്‍ ഭേദഗതി ആവശ്യമാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ  പറഞ്ഞു. ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി കൊണ്ട് ഭൂമി പതിവ് ചട്ടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ഒഴിവാവുകയില്ല. ഭൂമി വീട് വയ്ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധന ചട്ടങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ മാത്രമേ ഫലപ്രദമാവുകയുള്ളു. ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി ഇതിനകം പട്ടയം ലഭിച്ചിട്ടുള്ള ഭൂമിക്ക് മാത്രമേ ബാധകമായവുകയുള്ളു. ഭാവിയില്‍ നല്‍കുന്ന പട്ടയങ്ങളും ഉപാധിരഹിതമാകണം. അതിനാല്‍. 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം നല്‍കിയിട്ടുള്ളതും ഭാവിയില്‍ നല്‍കാനുള്ളതുമായ പട്ടയങ്ങളില്‍ ഉള്‍പ്പെടുന്ന ഭൂമി വീട് വയ്ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതിനും പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് ഇതിനോടകം നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ സ്വമേധയാ ക്രമവല്‍ക്കരിക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ ഭേദഗതി നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയില്‍ ഭൂനിയമങ്ങള്‍ മൂലം ഉണ്ടാവുന്ന നിര്‍മ്മാണ നിരോധനം ജില്ലയുടെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും വിഘാധം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വ്വകക്ഷികളും കര്‍ഷക സംഘടനകളും നിയമഭേദഗതിക്ക് വേണ്ടി മുറവിളി കൂട്ടിയത്. ജനങ്ങളുടെ ശക്തമായ ആവശ്യത്തിന് മുഖ്യമന്ത്രി പ്രതികരിക്കുകയും ഭേദഗതി ആകാമെന്ന് നിയമസഭയില്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിയമസഭയില്‍ അവതരിപ്പിച്ച ഭൂനിയമ ഭേദഗതി ഇടുക്കി ജില്ലയില്‍ ഇപ്പോഴുള്ള നിര്‍മ്മാണ നിരോധനം വ്യാപകവും നിയമവിധേയവും സങ്കീര്‍ണ്ണവും കര്‍ക്കശവും ആക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നു. ഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. പട്ടയഭൂമി കൃഷിക്കും ഭവന നിര്‍മ്മാണത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമ വ്യവസ്ഥ റദ്ദാക്കി ഭൂമി സ്വതന്ത്രമായും ഉപാധിരഹിതമായും ഉപയോഗിക്കാനുള്ള അനുമതിയാണ് ഇടുക്കിയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത്.

പുതിയ ബില്ലില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ഒന്നും ചേര്‍ത്തിട്ടില്ല. നിയമ ഭേദഗതിയില്‍ പുതുതായി ചേര്‍ക്കപ്പെട്ടിട്ടുള്ള 4എ1 വകുപ്പ് കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണം പൂര്‍ണ്ണമായും ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്നതാണ്. ഇതിനകം ലഭിച്ചിട്ടുള്ള പട്ടയ ഭൂമിയില്‍ ഭാവിയില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ അതിന് അനുമതി നല്‍കുന്നതിനുള്ള നിര്‍ണയിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍, അനുമതി നല്‍കുന്നതിനുള്ള കാരണം ഉത്തരവില്‍ തന്നെ രേഖപ്പെടുത്തണമെന്നാണ് 4എ2 യില്‍ പറയുന്നത്. ഇനി ലഭിക്കാനുള്ള അര ലക്ഷത്തോളം പട്ടയങ്ങളില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ ഭാവിയില്‍ യാതൊരു കാരണവശാലും നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ ആര്‍ക്കും അധികാരം ലഭിക്കുന്നില്ല.ഈ സാഹചര്യത്തിലാണ് ചട്ടങ്ങളിലും പട്ടയത്തിലുമുള്ള എല്ലാവിധ നിര്‍മ്മാണ നിയന്ത്രണങ്ങളും റദ്ദ് ചെയ്ത് ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാനുള്ള പൂര്‍ണ്ണ അധികാരം സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി താന്‍ അവതരിപ്പിക്കുന്നത്.

ഭൂമി പതിവ് ചട്ടങ്ങളിലും പട്ടയങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ റദ്ദ് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതും ഇതിനോടകം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ ഉദ്യോഗസ്ഥ നടപടിക്രമങ്ങളോ പ്രത്യേക ഫീസോ ഇല്ലാതെ സ്വമേധയാ ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് താന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ നിയമ ഭേദഗതി. ക്രമവല്‍ക്കരണത്തിനും നിര്‍മ്മാണത്തിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും നടപടിക്രമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നതിനും അധികാരം നല്‍കുന്ന ഏഴാം വകുപ്പിന്റെ ഒഎ, ഒബി എന്നീ ഭേദഗതികള്‍ അനാവശ്യമായതിനാല്‍ അവ ഉപേക്ഷിക്കണമെന്നാണ് തന്റെ മറ്റൊരു ഭേദഗതി.

ഇടുക്കി ജില്ലയിലെ നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നത് പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് ആണെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോട് കൂടിയും സര്‍ക്കാരിലേക്ക് നികുതി സ്വീകരിച്ചുമാണ് നടത്തിവരുന്നത്. അതുകൊണ്ടാണ് ജില്ല ആസ്ഥാനത്ത് ഉള്‍പ്പെടെ, മൂന്നാര്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍, ജില്ലയില്‍ ഉടനീളം തടസങ്ങള്‍ ഇല്ലാതെ ഇപ്പോള്‍ നിര്‍മ്മാണങ്ങള്‍ നടന്നുവരുന്നത്. എന്നാല്‍ പുതിയ ചട്ടങ്ങള്‍ ഭാവിയില്‍ കര്‍ശനമായി നടപ്പിലാക്കേണ്ടി വരുന്നതിനാല്‍ എല്ലാവിധത്തിലുള്ള നിര്‍മാണങ്ങളും കര്‍ശനമായി നിരോധിക്കപ്പെടും. ഇതിനാല്‍ ഭൂമിയുടെ വില ഗണ്യമായി കുറയുകയും പുതിയ സംരംഭങ്ങളോ ടൂറിസം പദ്ധതികളോ പോലും നിരോധിക്കപ്പെടുകയും ചെയ്യും. ഫലത്തില്‍ ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മ്മാണങ്ങള്‍ സമ്പൂര്‍ണ്ണ നിര്‍മ്മാണ നിരോധനത്തിലേക്ക് മാറുന്ന സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നത്. പട്ടയ ഭൂമിയില്‍ കൃഷിയും ഭവന നിര്‍മ്മാണവും മതിയെന്ന നിയമം ഭേദഗതി ചെയ്യാതെ ഉപാധിരഹിത പട്ടയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ അവതരിപ്പിക്കുന്ന ഭേദഗതികളെ പിന്തുണക്കാന്‍ ഇടുക്കി ജില്ലയിലെ മറ്റ് എംഎല്‍എമാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!