ChuttuvattomMoolammattam

വെള്ളിയാമറ്റത്തെ സ്‌കൂളുകളില്‍ കൃഷി അങ്കണം പദ്ധതി ആരംഭിച്ചു

പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തില്‍ ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന കൃഷിയങ്കണം  പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ പച്ചക്കറി കൃഷി കുട്ടികള്‍ക്ക് പരിചിതമാക്കുന്നതിനും, വിഷരഹിത പച്ചക്കറികള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനും, കുട്ടികളെ കൃഷി തല്പരരാക്കുന്നതിനും വേണ്ടി 25 മണ്‍ചട്ടികള്‍ അടങ്ങിയ യൂണിറ്റുകള്‍ പോട്ടിങ് മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ട് സ്‌കൂളുകള്‍ക്ക് കാര്‍ഷിക കര്‍മ്മ സേനാംഗങ്ങള്‍ വഴി നല്‍കും. സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനും സ്ഥല ലഭ്യതക്കും  ആനുപാതികമായി പരമാവധി 4 യൂണിറ്റുകള്‍ വരെ സൗജന്യമായി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നല്‍കുന്നതാണ് പദ്ധതി. ജനകീയാസൂത്രണം പദ്ധതി മാര്‍ഗരേഖ പ്രകാരം 75 ശതമാനം സബ്‌സിഡിയില്‍ നല്‍കാവുന്ന പച്ചക്കറി യൂണിറ്റ് സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രത്യേക അനുമതി നേടി 100 ശതമാനം സബ്‌സിഡിയില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായി വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് പദ്ധതി വഴി ലഭ്യമാക്കിയിരിക്കുകയാണ്. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മോഹന്‍ ദാസ് പുതുശേരി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാരായ ഷേര്‍ളി ജോസുകുട്ടി, രാജി ചന്ദ്രശേഖരന്‍, കൃഷ്ണന്‍ വി.കെ., കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, കൃഷി അസിസ്റ്റന്റ് ബിജു പി.എന്‍., സി.കെ.വി. എച്ച്.എസ്.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചന്ദ്രബോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!