ChuttuvattomThodupuzha

മു​സ്‌ലിം ലീ​ഗി​ൽ ചേ​രി​പ്പോ​ര്; ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് പൂ​ട്ടി

തൊടുപുഴ: മുസ്ലീം ലീഗ് ജില്ലാ ഘടകത്തിൽ പൊട്ടിത്തെറി. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഇരു വിഭാഗവും താഴിട്ട് പൂട്ടി. ഇതിന് പുറമേ സംഘടിച്ചെത്തിയ ഒരു വിഭാഗത്തിലുള്ളവർ ഓഫീസിൻ്റെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിയതായും പോസ്റ്റർ പതിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. തൻ്റെ അനുമതിയില്ലാതെ ഓഫീസോ ഓഡിറ്റോറിയമോ മറ്റാർക്കും തുറന്ന് കൊടുക്കരുതെന്നും തൽക്കാലത്തേക്ക് ഓഫീസ് പൂട്ടിയിടാനും പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂർ ഓഫീസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇതറിഞ്ഞ് ജില്ലാ സെക്രട്ടറി സലിം കൈപ്പാടത്തിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പാർട്ടി പ്രവർത്തകർ വൈകിട്ട് ഏഴ് മണിയോടെ ജില്ലാ കമ്മിറ്റി ഓഫീസ് മറ്റൊരു താഴിട്ട് പുട്ടുകയും ഓഫീസിൻ്റെ പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിയതായി പോസ്റ്റർ പതിക്കുകയും ചെയ്തു. തുടർന്ന് പൂട്ടിയിട്ടിരുന്ന ഓഡിറ്റോറിയത്തിൻ്റെ താഴ് തകർത്ത് സലിം കൈപ്പാടത്തിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ യോഗം ചേർന്നു.
കഴിഞ്ഞ ദിവസം വണ്ണപ്പുറത്ത് നടന്ന എസ്.ടി.യു സംസ്ഥാന തല ജാഥാ സ്വീകരണത്തിനെത്തിയ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ.എം.എ ഷുക്കൂറിനെ യൂത്ത് ലീഗ് പ്രവർത്തകർ കൈയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ നാല് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ഇരു വിഭാഗത്തിലുള്ളവരും നവ മാധ്യമങ്ങളിൽ കൂടി പരസ്പരം ആരോപണം ഉന്നയിക്കുകയും പോർവിളി നടത്തുകയും ചെയ്തു. ഈ സംഭവ വികാസങ്ങളാണ് ഓഫീസ് പൂട്ടലിലേക്കും ഇരു വിഭാഗങ്ങൾ തമ്മിലുള്ള തുറന്ന പോരിലേക്കും എത്തിയത്.

Related Articles

Back to top button
error: Content is protected !!