Idukki

എംഡിഎംഎയുമായി ഇടുക്കി സ്വദേശി ഉൾപ്പെടെ നാല് യുവാക്കൾ പിടിയിൽ

ഇടുക്കി: നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ മയക്ക് മരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. പിടിയിലായവരില്‍ മിന്നല്‍ മച്ചാനും. ഇടുക്കി, എറണാകുളം ജില്ലയിലെ മയക്കുമരുന്നുവ്യാപാര ശൃംഖലയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിച്ചെന്നും അധികൃതര്‍. എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തി വന്നിരുന്ന കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ നിലംബം ദേശത്ത്, വടക്കയില്‍ ഷാന്‍ മുഹമ്മദ് ഷെരീഫ് (27), ഇടുക്കി ഉടുമ്പഞ്ചോല കാറ്റടിക്കവല നാട്ടുവാതില്‍ നന്ദു എസ് ആനന്ദ് (മിന്നല്‍ മച്ചാന്‍) (24), മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം പുളിഞ്ചോട് കണിപ്ലാക്കല്‍ ആലിഫ് മുഹമ്മദ് സൈഫുദ്ദീന്‍ (26), തൃശൂര്‍ വൈലത്തൂര്‍ തലക്കോട്ടൂര്‍ ഫിനു ജോണ്‍സന്‍ (26) എന്നിവരാണ് എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിന്റെ പിടിയിലായത്.

ഇവരില്‍ നിന്നും 17 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു.എറണാകുളം ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലൂര്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത് നിന്ന് ഷാന്‍ മുഹമ്മദ് ഷെരീഫ് എംഡിഎംഎ യുമായി പിടിയിലാകുന്നത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മറ്റുള്ളവര്‍ പിടിയിലാവുന്നത്. നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് എന്ന പേരില്‍ സാമൂഹ്യമാധ്യമ കൂട്ടായ്മ ഒരുക്കിയാണ് ഇവര്‍ എംഡിഎംഎ വിറ്റഴിച്ചിരുന്നത്.

പിടിയിലായ ഉടുംമ്പന്‍ചോല സ്വദേശീയായ നന്ദു മിന്നല്‍ മച്ചാന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. 12 ലക്ഷത്തോളം വിലയുള്ള ബൈക്കില്‍ മിന്നല്‍വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തി അതേ വേഗത്തില്‍ മടങ്ങുന്നതായുരുന്ന നന്ദുവിന്റെ രീതി. മിന്നല്‍ മച്ചാനെ ക്കുറിച്ചുള്ള വിവരം നേരത്തെ തന്നെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബൈക്കില്‍ അപകടകരമായ രീതിയില്‍ കുതിച്ചു പായുന്ന ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല .

ഫിനു ജോണ്‍സന്‍, നന്ദു എസ് ആനന്ദ് എന്നിവരെ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് പരിസരത്ത് നിന്നും, ആലീഫിനെ ഇടപ്പള്ളി ഒബ്‌റോണ്‍ മാളിന് സമീപത്തുനിന്നുമാണ് പിടികൂടിയത്. പിടിക്കപ്പെടുമ്പോള്‍ മാരക ലഹരിലായിരുന്ന ഇവരെ നാലുപേരെയും നാട്ടുകാരുടെ കൂടി സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ മയക്ക് മരുന്ന് വിതരണത്തിനായി ഉപയോഗിച്ചിരുന്ന ഒരു സൂപ്പര്‍ ബൈക്കും രണ്ട് ന്യൂജനറേഷന്‍ ബൈക്കുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ആലിഫ് മുഹമ്മദിന്റെ സഹായത്തോടെ ബാംഗ്ലൂരില്‍ നിന്നുമാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ചിരുന്നത്.

സ്ഥിരം ഉപഭോക്താക്കളെ ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നതാണ് മിന്നല്‍ മച്ചാന്റെയും കൂട്ടരുടെയും രീതി. ആവശ്യക്കാര്‍ ഗ്രൂപ്പില്‍ വിവരം നല്‍കിയാല്‍ മിന്നല്‍ മച്ചാന്‍ വേഗത്തില്‍ സാധനം കൈമാറും.കൊച്ചിയിലും ഇടുക്കിയിലും ഇവര്‍ വന്‍തോതില്‍ എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ ഒളിപ്പിച്ചിട്ടുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സ്‌പെഷ്യല്‍ മെക്‌സിക്കന്‍ മെത്ത് എന്ന വ്യാജേന ഗ്രാമിന് 4000 മുതല്‍ 6000 രൂപ വരെ ഈടാക്കിയാണ് നിരക്കിലാണ് ഇവര്‍ എംഡിഎംഎ വില്‍പ്പന നടത്തി വന്നിരുന്നത്. പിടിയിലായ ശേഷവും നിരവധി പേരാണ് ഇവരുടെ മൊബൈല്‍ ഫോണിലേക്ക് എംഡിഎംഎ ആവശ്യപ്പെട്ട് വിളിച്ചിരുന്നത്. ഇവരുടെ കെണിയില്‍ അകപ്പെട്ട യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലുള്ള എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തിച്ച് കൗണ്‍സിങ് നല്‍കുന്നതിന് ലക്ഷ്യമിട്ടുണ്ടെന്നും അധികൃതര്‍ അറയിച്ചു.

പിടിയിലായ നാലുപേരുടെയും മയക്കുമരുന്ന് ഇടപാടുകളെ സംബന്ധിച്ചും,മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. എസ്. ഹനീഫ, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത് കുമാര്‍, എസ്. സുരേഷ് കുമാര്‍ സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എന്‍.ഡി.ടോമി, സിഇഒ ഫ്രെഡി ഫര്‍ണാണ്ടസ്, എ. സിയാദ്, ഡി.ജി. ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 

 

 

 

Related Articles

Back to top button
error: Content is protected !!