Uncategorized

മാനസിക രോഗിയായ യുവാവിന്റെ അതിക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്.

 

തൊടുപുഴ: മാനസിക രോഗിയായ യുവാവിന്റെ അഴിഞ്ഞാട്ടത്തിനിടെ ഇയാളുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്. ബുധനാഴ്ച രാവിലെ 10 ഓടെ ഇടവെട്ടി തൊണ്ടിക്കുഴയിലാണ് സംഭവം. തൊണ്ടിക്കുഴ അക്വഡേറ്റിന് അടിയില്‍ താമസിക്കുന്ന ചക്കരക്കാട്ടില്‍ ഫൈസലാണ് (38) അക്രമാസക്തനായത്. ഫൈസലിന്റെ അമ്മ ഹലീമ(60), സമീപവാസി പോത്തടിയില്‍ ഇന്ദിര ശശി(62), കാഞ്ഞിരമറ്റം മുടപ്പാത്തുകാല ജോയി സ്റ്റീഫന്‍(67) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരേയും തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടയംകവലയില്‍ മത്സ്യവ്യാപാരം നടത്തിയിരുന്ന യുവാവ് നേരത്തെ മാനസിക പ്രശ്നത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യ പിണങ്ങിപോയിരുന്നു. ഇതിന്റെ പിരിമുറുക്കത്തിലായിരുന്നു യുവാവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ വീട്ടില്‍വെച്ച് അമ്മയുമായി വഴക്കുണ്ടായി. പിന്നാലെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ ഇടത് കൈയക്ക് ആഴത്തില്‍ മുറിവുണ്ടായി, വിരലിലും വെട്ടേറ്റിട്ടുണ്ട്. പിന്നാലെ തൊണ്ടിക്കുഴ സ്‌കൂളിന് മുന്നിലെത്തിയ ശേഷം നാട്ടുകാരോട് ദൈവമുണ്ടോയെന്ന് ചോദിച്ച് നടന്നു. ഇതിനിടയിലാണ് സമീപത്തെ കടയിലേക്ക് തൈര് വാങ്ങാനായി സ്‌കൂളിന് പിന്നിലൂടെയുള്ള വഴിയിലൂടെ റിട്ട. പോസ്റ്റോഫീസ് ജീവനക്കാരിയായ ഇന്ദിര എത്തിയത്. ഇന്ദിരയെ കണ്ട് പ്രതി ഓടിയെത്തുകയും യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയുമായിരുന്നു. നിലത്തേക്ക് തള്ളിയിടുകയും നൈറ്റിയില്‍ പിടിച്ച് ഉയര്‍ത്തി മൂന്ന് തവണ താഴേക്ക് കുത്തുകയും ചെയ്തു. ആക്രമണത്തില്‍ നെറ്റിക്ക് മൂന്ന് സ്റ്റിച്ചുണ്ട്. നടുവിനും ക്ഷതമേറ്റു. ഇവരെ ആക്രമിക്കുന്നത് കണ്ട് സഹായത്തിനെത്തിയതാണ് ബൈക്ക് യാത്രികനായിരുന്ന ജോയി. ഇയാളുടെ തലക്കും കൈയ്ക്കും വാക്കത്തിക്ക് വെട്ടി. ഇയാള്‍ പിന്നീട് രക്ഷപ്പെട്ട് ബൈക്കില്‍ കയറി രണ്ട് കിലോ മീറ്റര്‍ ദൂരെയുള്ള ഉണ്ടപ്ലാവിലെത്തി അവശനായി വീഴുകയായിരുന്നു. തലയില്‍ മുറിവേറ്റ് ചോരയില്‍ കുഴിച്ചുകിടന്ന ജോയിയെ നാട്ടുകാരാണ് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമം തുടര്‍ന്ന യുവാവ് ഇതുവഴി എത്തിയ ബൈക്ക് യാത്രികരെ തല്ലുകയും ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കുകയും ചെയ്തു. സമീപത്തെ കടയില്‍ ഇരുന്നവരേയും ഇയാള്‍ ഓടിക്കുകയും ആക്രമിക്കുകയും ചെയ്തു. പോലീസെത്തിയെങ്കിലും ഇവര്‍ നോക്കി നിന്നതായും നാട്ടുകാര്‍ പറയുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുക്കളെത്തി പറഞ്ഞതോടെ വാക്കത്തി താഴെയിട്ട് ശാന്തനായി. പിന്നീട് ഇവര്‍ തന്നെ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!