ChuttuvattomThodupuzha

ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നു കാട്ടി ഉടുമ്പന്നൂരില്‍ മൂണ്‍ലൈറ്റ് വാക്ക്

ഉടുമ്പന്നൂര്‍: ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തുറന്നു കാട്ടി ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്തിന്റെ മൂണ്‍ ലൈറ്റ് വാക്ക്. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ടൂറിസം സാധ്യതയുള്ള വിവിധ പ്രദേശങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തിയാണ് മൂണ്‍ ലൈറ്റ് വാക്ക് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലുള്ള അരുവിപ്പാറ വ്യൂ പോയിന്റില്‍ നിന്നും ചന്ദ്രന്‍ ഉദിച്ച സമയത്ത് ആരംഭിച്ച നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഫ്ളാഗ് ഓഫ് ചെയ്തു. നയനാനന്ദകരമായ ഗ്രാമീണ ഭംഗി നിലാവെളിച്ചത്തില്‍ ആസ്വദിച്ച് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം ഇടയ്ക്ക് വിശ്രമിച്ചും സംഘാടകര്‍ ഒരുക്കിയ ലഘു ഭക്ഷണങ്ങള്‍ കഴിച്ചും എട്ടര കിലോമീറ്റര്‍ സഞ്ചരിച്ച് രാത്രി 10.30 ന് അവസാന പോയന്റായ ചെപ്പുകുളം ഇരുകല്ലുംപാറയില്‍ എത്തി. വെള്ളിയാമറ്റം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന ഇരുകല്ലും പാറയില്‍ മൂണ്‍ലൈറ്റ് വാക്കില്‍ പങ്കെടുത്തവര്‍ക്കായി രാത്രി ഭക്ഷണവും ആസ്വാദനത്തിനായി ഗോത്രവര്‍ഗ കലാരൂപമായ കോലാട്ടം കളിയും നാടന്‍ പാട്ടുകളും സംഘാടകര്‍ ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ ബീന രവീന്ദ്രന്‍ , ശാന്തമ്മ ജോയി, സുലൈഷ സലിം, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമോള്‍ ഷിജു, രമ്യ അജീഷ്, അല്‍ഫോന്‍സ കെ.മാത്യു, ജീന്‍സി സാജന്‍ എന്നിവര്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ലയണ്‍സ് ക്ലബ്ബ് ഓഫ് ഉടുമ്പന്നൂര്‍ ടൗണ്‍, സി.ബി.എ ചീനിക്കുഴി, ട്രാക്ക് ചീനിക്കുഴി എന്നീ എന്‍.ജി.ഒ കളുടെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് ഇത്തരമൊരു നൂതന സംരംഭത്തിന് തുടക്കം കുറിച്ചത്. മൂണ്‍ ലൈറ്റ് വാക്ക് ഒരു പുതിയ അനുഭവമായിരുന്നെന്നും ഉടുമ്പന്നൂരിന്റെ ഗ്രാമ സൗന്ദര്യം സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കെത്തിക്കാന്‍ ഈ പ്രോഗ്രാം സഹായകരമായെന്നും നിലാവെളിച്ച നടത്തത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ.വി ഫ്രാന്‍സിസ് , കണ്‍വീനര്‍ ടി.ജി മോഹനന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!