ChuttuvattomThodupuzha

മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന ആശങ്ക ഇനി വേണ്ട, മുന്‍ കരുതല്‍ നിർദ്ദേശവുമായി വിദ്യാർത്ഥികള്‍

തൊടുപുഴ: ഇടുക്കി ജില്ലക്കാരും സമീപ ജില്ലകളിലെ ജനങ്ങളും ആശങ്കപ്പെടുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷമത. എന്നാല്‍ അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥികളായ അക്ഷയ് റിജേഷിനും ജിബിന്‍ ഗോപിക്കും ഇക്കാര്യത്തിലത്രം ഭയമൊന്നുമില്ല. കാരണം ഡാം പൊട്ടാതിരിക്കാനും പൊട്ടിയാല്‍ തന്നെ അതിന്റെ തീവ്രത കുറയ്ക്കാനും പോംവഴിയുമായാണ് ഇരുവരും ജില്ലാ ശാസ്ത്രോത്സവത്തിനെത്തിയത്. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം ക്രമാതീതമായി പുറത്തേക്ക് പ്രവഹിച്ചാല്‍ ഇരുവശങ്ങളില്‍ നിന്നും കേള്‍ക്കും വിധം അലാറം മുഴങ്ങുന്നതിനുള്ള സംവിധാനമാണ് ഇവര്‍ പരിചയപ്പെടുത്തിയത്. ഇതുവഴി ജനങ്ങള്‍ക്ക് രക്ഷപെടാന്‍ അവസരം ലഭിക്കും.

മുല്ലപ്പെരിയാറില്‍ നിന്ന് ഭൂഗര്‍ഭ മാര്‍ഗം ജലനിരപ്പ് കുറഞ്ഞ ഡാമുകളിലേക്ക് വെള്ളം എത്തിക്കാനുള്ള വഴിയും ഇരുവരും പങ്കുവച്ചു. നിലവിലെ അണക്കെട്ടിന് മുന്നില്‍ മറ്റൊന്ന് നിര്‍മിക്കാനുള്ള ആലോചനയേക്കാള്‍ സാമ്പത്തിക ലാഭവും സുരക്ഷയും ഈ മാര്‍ഗത്തിനാണ്. അധ്യാപിക  റോസ്മിനാണ് ഈ ആശയം പറഞ്ഞുതന്നതും പ്രോത്സാഹിപ്പിച്ചതുമെന്ന് വിദ്യാർത്ഥികള്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമും സമീപത്തെ കാടും മലകളുമൊക്കെയായി തയ്യാറാക്കിയാണ് ഇവര്‍ തങ്ങളുടെ കഴിവ് തെളിയിച്ചത്. ആകെ 1000 രൂപയോളം മാത്രമേ ഇതിന് വേണ്ടി വന്നുള്ളൂ എന്നതാണ് ശ്രദ്ധേയം. പാട്ടകൊണ്ട് ഷട്ടറുണ്ടാക്കി, പ്ലാസ്റ്റിക്കും തടികളും എല്‍.ഇ.ഡി ബള്‍ബുകളും, സിമന്റും, ചെറിയ മോട്ടറും പിന്നെ വീട്ടുപരിസരങ്ങളിലൊക്കെ കാണുന്ന പായലുകളും പുല്ലുകളും.ഇത്രയുമായപ്പോള്‍ മുല്ലപ്പെരിയാറിനായുള്ള ഇവരുടെ സുരക്ഷാ പദ്ധതിയുടെ മാതൃക തയാര്‍.

Related Articles

Back to top button
error: Content is protected !!