IdukkiThodupuzha

ഒരു വര്‍ഷമായിട്ടും ഇന്റലിജന്‍സ് കാമറ മിഴിതുറന്നില്ല :നശിക്കുന്നത് കോടികള്‍

തൊടുപുഴ: മേട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ കോടികള്‍ മുടക്കി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും മിഴി തുറന്നില്ല.ഏപ്രില്‍ ഒന്ന് മുതല്‍ കാമറകള്‍ പ്രവര്‍ത്തിച്ച്‌ തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരള മേട്ടോര്‍ വാഹനവകുപ്പിന്റെയും കെല്‍ട്രോണിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലാകെ സ്ഥാപിച്ച 38 കാമറകളാണ് നോക്കിക്കുത്തിയായി നില്‍ക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം ആദ്യഘട്ടമെന്ന നിലയില്‍ 13 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങള്‍ കൂടുതലുണ്ടാകുന്ന ഹോട്‌സ്‌പോട്ടുകളിലുമാണ് സര്‍വേ നടത്തി കാമറകള്‍ സ്ഥാപിച്ചിരുന്നത്. ഒരു കാമറയ്ക്ക് മാത്രം 50,000 രൂപ മുടക്കുണ്ട്. കെല്‍ട്രോണാണ് ഈ ആധുനിക കാമറകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവ ഘടിപ്പിക്കാനുള്ള തൂണുകള്‍ സ്ഥാപിച്ചതുള്‍പ്പടെയുള്ള ചെലവ് പുറമെ വരും. ഇത്രയും പണം മുടക്കിയിട്ടും ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ കാമറകള്‍ ഉപയോഗശൂന്യമായി കിടന്നു നശിക്കുമോയെന്ന് ആശങ്കയുണ്ട്.

തടഞ്ഞുനിറുത്തില്ല, പിഴ വീട്ടിലെത്തും

നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതര്‍ തടഞ്ഞു നിറുത്തി പിടികൂടുന്നതിന് പകരം കാമറക്കണ്ണില്‍ കുടുക്കുന്നതായിരുന്നു പദ്ധതി. കാമറയില്‍ യാത്രക്കാരന്റെ ഫോട്ടോ, വാഹനം, വാഹന നമ്ബര്‍ എന്നിവ പതിയും. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടില്‍ വരും. ജില്ലയില്‍ എവിടെ നിയമ ലംഘനം നടന്നാലും ചിത്രം തൊടുപുഴയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് കണ്‍ട്രോള്‍ റൂം.

പൊലീസിന്റെപെറ്റിയടി തുടരുന്നു

24 മണിക്കൂറുകളോളം പ്രവര്‍ത്തിക്കുന്ന കാമറകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുമ്ബോള്‍ പൊലീസ് കാടന്‍ പരിശോധന രീതിയുമായി നിരത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിലെമ്ബാടും വഴിതടഞ്ഞ് പൊലീസിന്റെ വാഹനപരിശോധനയുണ്ടായിരുന്നു. എസ്.ഐ റാങ്കിലുള്ളവര്‍ മാത്രമെ വണ്ടിക്ക് കൈ കാണിക്കാന്‍ പാടുള്ളൂവെന്നാണ് പൊലീസിന് ഡി.ജി.പി നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ വണ്ടി പിടിക്കാന്‍ സി.പി.ഒയും ഹോംഗാര്‍ഡുമാരൊക്കെ നില്‍ക്കും. രണ്ടു വശത്തുമായി വണ്ടികളെ തടഞ്ഞിടുന്നത് ചില പൊലീസുകാര്‍ക്ക് ഹരമാണ്. എസ്.ഐയുടെ മര്‍ദ്ദനത്തിനിരയായ തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ കുഴഞ്ഞുവീണ് മരിച്ചതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് ഇത്തരം വാഹന പരിശോധനകളിലൂടെയാണ്.

‘കാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ച്‌ ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സാങ്കേതിക തടസമാണെന്നാണ് മനസിലാക്കുന്നത്. കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കില്‍ വാഹനപരിശോധനയ്ക്കും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വലിയ ഉപകാരമായേനെ.”-ആര്‍.ടി.ഒ ആര്‍. രമണന്‍

Related Articles

Back to top button
error: Content is protected !!