ChuttuvattomIdukki

ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷാവീഴ്ച്ച; താത്കാലിക ജീവനക്കാരെ മാറ്റി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു

ഇടുക്കി: ഇടുക്കി-ചെറുതോണി അണക്കെട്ടുകളിലെ സുരക്ഷാവീഴ്ച്ചയില്‍ താത്കാലിക ജീവനക്കാരെ മാറ്റി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. അണക്കെട്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ രണ്ട് താത്കാലിക ജീവനക്കാരാണുണ്ടായിരുന്നത്. ഇവരെ മാറ്റിയാണ് വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ പോസ്റ്റില്‍ താഴിട്ട് പൂട്ടിയ വ്യക്തി അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്താനുപയോഗിക്കുന്ന ഇരുമ്പ് വടത്തിലൊഴിച്ച ലായനിയുടെ സാമ്പിള്‍ രാസപരിശോധനയ്ക്കയച്ചിട്ടുണ്ട്.

കെഎസ്ഇബിയുടെ വിലയിരുത്തല്‍ പ്രകാരം നിലവില്‍ ഇരുമ്പ് വടത്തിന് ബലക്ഷയമില്ലെന്നാണ്. എന്നാല്‍, ഷട്ടര്‍ ഉയര്‍ത്തി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഷട്ടര്‍ ഉയര്‍ത്താനും ആലോചനയുണ്ട്. സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ബുധനാഴ്ചയായിരിക്കും ഷട്ടര്‍ ഉയര്‍ത്തിയുള്ള പരിശോധന നടത്തുക. താഴിട്ട് പൂട്ടി, വടത്തില്‍ ദ്രാവകമൊഴിച്ച ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസിറക്കുവാനും നീക്കം നടക്കുന്നുണ്ട്. പോലീസിനുള്ളിലെ പടലപ്പിണക്കങ്ങളും കെഎസ്ഇബി പോലീസും തമ്മിലുള്ള ഭിന്നതയും കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

Related Articles

Back to top button
error: Content is protected !!