ChuttuvattomThodupuzha

നഗരസഭ പാർക്ക് ഇനി പുതിയ മുഖത്തിൽ മിന്നും

തൊടുപുഴ: കുട്ടികൾക്കായി നിർമ്മിച്ച ന​ഗരസഭാ പാർക്ക് ഇനി പുതിയ മുഖത്തിൽ. നഗരസഭ പാർക്ക് നവീകരിക്കാൻ വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനായി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി.രാജശേഖരന്റെ നേതൃത്വത്തിൽ സബ് കമ്മിറ്റി രൂപീകരിച്ചു. പാർക്ക് നവീകരണത്തിന് വേണ്ടി വിവിധ പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്ന 20 ലക്ഷത്തോളം രൂപ മുടക്കിയാകും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. എസ്റ്റിമേറ്റ് തയാറാക്കി ടെണ്ടർ ചെയ്ത് നവീകരണ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാർക്കിലെ കളിയുപകരണങ്ങൾ മാറ്റി പുതിയ റൈഡുകൾ സ്ഥാപിക്കും. നിലവിൽ കുട്ടികൾക്കായി ചെറിയ തോതിലുള്ള കളിയുപകരണങ്ങൾ മാത്രമാണ് പാർക്കിലുള്ളത്. ഇതിൽ കൂടുതലും പഴക്കം മൂലം തകരാറിലായവയാണ്.

പല റൈഡുകളും കുട്ടികൾക്ക് കയറാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതു പൂർണമായും മാറ്റി ആധുനിക രീതിയിലുള്ള റൈഡുകളാണ് സ്ഥാപിക്കുന്നത്. കൂടാതെ ഓപ്പൺസ്റ്റേജിന്റെ നിർമാണവും പൂർത്തിയാക്കും. ഇതിനു പുറമെ പാർക്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കും. തകരാറിലായ വൈദ്യുതി ലൈറ്റുകൾ മാറ്റി സ്ഥാപിക്കും. അടുത്ത നാളിൽ പാർക്കിൽ ചെറിയ രീതിയിലുള്ള ഓപ്പൺ ജിം സ്ഥാപിച്ചിരുന്നു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങളെയും കുട്ടികളെയും ഇവിടേയ്ക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് നഗരസഭ അധികൃതരുടെ പ്രതീക്ഷ.പാർക്കിൽ പ്രവേശന ഫീസ് പിരിക്കാൻ നിയോഗിച്ചിരിക്കുന്ന നഗരസഭ ജീവനക്കാരെ മാറ്റി കുടുംബശ്രീ അംഗങ്ങളെ നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു. രണ്ടു മുനിസിപ്പൽ ജീവനക്കാരെയാണ് പാർക്കിൽ പ്രവേശന ഫീസ് പിരിവിന് നിയോഗിച്ചിരിക്കുന്നത്. ഇവർക്കു പകരം അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങളെയാകും ഫീസ് പിരിവിന് നിയോഗിക്കുക.

Related Articles

Back to top button
error: Content is protected !!