ChuttuvattomThodupuzha

പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്ത്‌ നശിപ്പിച്ചത് അന്വേഷിക്കണം

മണക്കാട്: പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്ത്‌ നശിപ്പിച്ചത് അന്വേഷിക്കണമെന്ന് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജീന അനിൽ ആവശ്യപ്പെട്ടു.മാലിന്യമുക്ത -നവകേരളം പദ്ധതിക്ക്‌ സർക്കാർ തലത്തിൽ കർമ്മപരിപാടികൾക്ക് രൂപം നൽകി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കി വരുന്ന പരിപാടികളിൽ ഒന്നാണ് പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിക്കൽ.

വീടുകളിലെ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരം ഒഴിഞ്ഞ കുപ്പികൾ സംഭരിക്കുന്നതിന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്‌ മണക്കാട് കോലാനി റൂട്ടിൽ (വാർഡ് 7)പാവൂർ ഭാഗത്തായി സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്ത്‌ കഴിഞ്ഞ രാത്രി നശിപ്പിച്ച നിലയിൽ കണ്ടെത്തി. ആർക്കും ഒരു ശല്യവുമില്ലാതെ വാഹന ഗതാഗതത്തിന് തടസമില്ലാതെ ഒഴിഞ്ഞ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ച ഘട്ടത്തിൽ തന്നെ സമീപവാസികളായ ചിലർ അസ്വസ്ഥത കാണിച്ചിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്ത്‌ നശിപ്പിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് മണക്കാട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ജീന അനിൽ ആവശ്യപ്പെട്ടു .

Related Articles

Back to top button
error: Content is protected !!