Vandiperiyar

വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം പീരുമേട് എം.എല്‍.എയ്‌ക്കെതിരെ ബി.ജെ.പി

തൊടുപുഴ : വണ്ടിപ്പെരിയാര്‍ പീഡന കൊലക്കേസ് അട്ടിമറിക്കാന്‍ പീരുമേട് എം.എല്‍.എ വാഴൂര്‍ സോമന്‍ കൂട്ടുനില്‍ക്കുന്നതായുള്ള ആരോപണവുമായി ബി.ജെ.പി രംഗത്ത്. പെണ്‍കുട്ടിയുടെ മരണശേഷം പോസ്റ്റ്മാര്‍ട്ടം ഒഴിവാക്കാന്‍ എം.എല്‍.എ ശ്രമം നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി പി.സുധീര്‍ ആരോപിച്ചു. എം.എല്‍.എ ഇടപെട്ടിട്ടും നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പ്രതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായതിനാല്‍ സി.പി.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എം.എല്‍.എ ഇടപെട്ടത്. പ്രതിയെ വിട്ടയക്കാനും എം.എല്‍.എ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സുധീര്‍ ആരോപിച്ചു.

 

ദളിത് വിഭാഗത്തില്‍പ്പെട്ട വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കൊലപാതകം വാളയാറിലേതിന് സമാനമാണ്. അവിടെയും പ്രതികള്‍ സി.പി.എംകാരായിരുന്നു. ഇവിടുത്തേതിന് സമാനമായി വാളയാറിലും അട്ടിമറി ശ്രമം നടന്നു. പാര്‍ട്ടി രക്ഷിക്കുമെന്ന വിശ്വാസമാണ് കുറ്റകൃത്യം ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നത്. അഞ്ചുകൊല്ലം കൊണ്ട് രണ്ടായിരത്തിലേറെ പട്ടികജാതി,ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടും സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നിന്നെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം ബിനു ജെ. കൈമള്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെ.എസ് അജി എന്നിവരും പത്രസമ്മേളനത്തില്‍പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!