Idukki

പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥ നിലയം എന്നത് നൂതനമായ ആശയം; മന്ത്രി വി. ശിവൻകുട്ടി

ഇടുക്കി : പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥ നിലയം എന്നത് നൂതനമായ ആശയമാണെന്നും വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുവാനും ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സഹായിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലാതല ഉദ്‌ഘാടനം പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ (സി. പി. എം.) ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി രാജ്യത്ത് ആദ്യമായി വിശാല കാഴ്ചപ്പാടോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം. നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ വിദ്യാർത്ഥികളിൽ ഗവേഷണ പരിശീലനത്തിനും കാർഷിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും ഉതകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ പ്രശനങ്ങൾ പരിഹരിക്കാൻ സർക്കാർ ഏറെ മുന്നിലാണെന്നും സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും സ്കൂളിന്റെ പുതിയ കെട്ടിട നിർമ്മാണത്തിലെ തടസം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായ പ്ലസ് ടു ബാച്ച് പ്രവർത്തിക്കുന്ന സർക്കാർ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൻെറ ഭാഗമായാണ് ജില്ലയിലും ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. കേരളത്തിലെ 240 പൊതുവിദ്യാലയങ്ങളിൽ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. പ്രാദേശികമായ ദിനാവസ്ഥാ വ്യതിയാനങ്ങൾ നിർണയിച്ച് ജനങ്ങളിലേക്ക് എത്തിക്കാനും കാലാവസ്ഥ പഠനത്തിനും ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്കും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മഴമാപിനി അടക്കം അനവധി കാലാവസ്ഥാ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഈ ദിനാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രയോജനം ചെയ്യും. മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള ഉപകരണം, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ഉപകരണങ്ങൾ, കാറ്റിന്റെ ദിശ അറിയുന്നതിനുള്ള ഉപകരണം, കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന കപ്പ് കൗണ്ടർ അനിമോമീറ്റർ, തുടങ്ങി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങൾ തന്നെയാണ് ദിനാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിലും സജ്ജമാക്കുന്നത്. സർവ്വ ശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ബിന്ദുമോൾ ഡി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. നൗഷാദ്, ജില്ലാ പഞ്ചായത്തംഗം കെ.ടി ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സ്മിതമോൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ, പി ടി എ പ്രതിനിധികൾ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!