Thodupuzha

ജനവാസ മേഖലയിലെ കിണറില്‍ വീണ രണ്ട് കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തില്‍ വെടി വച്ച് കൊന്നു.

തൊടുപുഴ: ജനവാസ മേഖലയിലെ കിണറില്‍ വീണ രണ്ട് കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തില്‍ വെടി വച്ച് കൊന്നു. കഴിഞ്ഞ ദിവസം തൊടുപുഴക്ക് സമീപം തെക്കുംഭാഗത്താണ് സംഭവം. സംരക്ഷണ ഭിത്തിയില്ലാതിരുന്ന പത്തടിയിലേറെ ആഴമുള്ള കിണറിനുള്ളിലേക്ക് രാത്രിയെപ്പോഴോ പന്നികള്‍ വീഴുകയായിരുന്നു. ഇക്കാര്യം വീട്ടുകാരോ സമീപവാസികളോ അറിഞ്ഞില്ല. രണ്ട് ദിവസം കഴിഞ്ഞ് മോട്ടോറില്‍ വെള്ളം കയറാതെ വന്നപ്പോള്‍ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പന്നികള്‍ കിണറ്റില്‍ വീണതായി കണ്ടത്. കാട്ടുപന്നിയുടെ സാന്നിദ്ധ്യം ഇതുവരെയില്ലാത്ത പ്രദേശമായിരുന്നു തെക്കുംഭാഗം.

വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് മൂലമറ്റത്ത് നിന്നും വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. തോക്ക് ലൈസന്‍സുള്ള മൂലമറ്റം തച്ചാംപുറം ജെറീഷ്, ഇടവക്കണ്ടം സിബി എന്നിവരെയും വനപാലകര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആഴമുള്ളതും നിറയെ കാട് പിടിച്ച് കിടക്കുന്നതുമായ കിണറില്‍ ഇറങ്ങുക അപകടകരമായതോടെ കരയില്‍ നിന്ന് പന്നിയെ വെടിവച്ച് കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വെടി ശബ്ധം കേട്ടതോടെ പന്നികള്‍ കിണറിനുള്ളിലെ അള്ളിനുള്ളിലേക്ക് മറഞ്ഞു. ഇതോടെ തൊടുപുഴയിലെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേനാംഗങ്ങള്‍ എത്തി കയറില്‍ കെട്ടിയ വല കിണറിന് ഉള്ളിലേക്കിറക്കി. തുടര്‍ന്ന് ഗോവണി ഉപയോഗിച്ച് ജെറീഷ് കിണറിന്റെ സുരക്ഷിത ഭാഗം വരെ ഇറങ്ങി. ഏറെ സമയം കാത്തിരുന്നാണ് സാഹസികമായി രണ്ടിനേയും വെടിവച്ച്് കൊന്നത്.

 

പിന്നീട് വടത്തില്‍ കെട്ടി 32ഉം 34ഉം കിലോയുള്ള പന്നികളുടെ ജഡം കരയ്ക്ക് എത്തിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പന്നികളുടെ ജഡം മൂലമറ്റത്തെ വനം വകുപ്പ് ഭൂമിയില്‍ മറവ് ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.പി. സാജു, ബീറ്റ് ഓഫീസര്‍മാരായ വി.എസ്. ഷിബു, റ്റി.ആര്‍. പ്രശാന്ത്, ഉദ്യോഗസ്ഥരായ ഷാജഹാന്‍, ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് അധികൃതരാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!