ChuttuvattomThodupuzha

വനം വിജ്ഞാപനം: മണിയുടെ ഭീഷണി തട്ടിപ്പ്: കേരള കോണ്‍ഗ്രസ്

തൊടുപുഴ: ജില്ലയിലെ എംവിഐപി വക സ്ഥലവും ചിന്നക്കനാല്‍ വില്ലേജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും സംരക്ഷിത വനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു. വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതിനോ കഴിയാത്ത നിലയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മുട്ടം -കരിങ്കുന്നം -കുടയത്തൂര്‍ ജല വിതരണ പദ്ധതിക്ക് പൈപ്പ് ഇടാനെത്തിയ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെ വനംവകുപ്പ് തടഞ്ഞത് ഇതിന് ഉദാഹരണമാണ്. റവന്യുഭൂമി വനഭൂമി ആക്കാനുള്ള വിജ്ഞാപനത്തിനെതിരേ ജനങ്ങള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് വിജ്ഞാപനത്തിലൂടെ ഒരു പ്രത്യാഘാതവും സംഭവിക്കുകയില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ അന്തിമവിജ്ഞാപനം വന്നപ്പോള്‍ തന്നെ വനംവകുപ്പ് ജനവിരുദ്ധ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. വനവിജ്ഞാപനത്തിനെതിരേ എം.എം. മണി നടത്തുന്ന പ്രസ്താവനകള്‍ വെറും തട്ടിപ്പാണ്. വിജ്ഞാപനം ഇറക്കിയ സ്വന്തം സര്‍ക്കാരിനെതിരേ ഒരക്ഷരം പോലും മിണ്ടാതെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ജില്ലയില്‍ വനംവകുപ്പ് റോഡ് നിര്‍മാണം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിട്ടുണ്ടെന്നും ഈ നടപടിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!