ChuttuvattomCrimeKudayathoor

തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; കുടയത്തൂര്‍ സ്വദേശി പിടിയില്‍

തൊടുപുഴ: തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ ഓണപ്പടി കൊടുക്കാന്‍ കൊണ്ടുവന്ന പണം പിടികൂടി. 1,05,000 രൂപയാണ് പിടികൂടിയത്. ഇടുക്കി വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടയത്തൂര്‍ പടിക്കപ്പറമ്പില്‍ സജീവില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഓണത്തിനോടനുബന്ധിച്ച്, തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസ് പരിധിയിലെ കള്ളുഷാപ്പുകളില്‍ നിന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിയാദ് മാസപ്പടി വാങ്ങിയെന്നും, ഈ തുക കള്ളുഷാപ്പ് കോണ്‍ട്രാക്ടറും സംഘടനാ ഭാരവാഹിയുമായ സജീവില്‍ നിന്നും കൈമാറുമെന്നുമുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണം പിടിച്ചെടുത്തതിന് പിന്നാലെ തൊടുപുഴ എക്‌സ്സൈസ് റേഞ്ച് ഓഫീസിലും കോണ്‍ട്രാക്ടര്‍ സജീവിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പുകളിലും വിജിലന്‍സ് പരിശോധന നടത്തി. പിടിച്ചെടുത്ത പണം ട്രഷറിയില്‍ അടയ്ക്കുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തുടര്‍ന്ന് സംശയ നിഴലിലുള്ള എക്സൈസ് ഉദ്യോഗസ്ഥനും കോണ്‍ട്രാക്ടര്‍മാരും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റിന് റിപ്പോര്‍ട്ട് കൈമാറുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!