National

കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം

ന്യൂഡല്‍ഹി: കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാതൃകാ ചട്ടങ്ങളിലാണ് അച്ഛന്റെയും അമ്മയുടെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം അച്ഛന്റെ മതം, അമ്മയുടെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയില്‍ വിപുലീകരിക്കും. ദത്തെടുക്കുന്ന കുട്ടിയുടെ സര്‍ട്ടിഫിക്കറ്റിലും ഇതേ മാറ്റങ്ങള്‍ വരുത്തും. 2023 ഓഗസ്റ്റ് 11ന് ഭേദഗതി ചെയ്ത ജനന- മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം ജനന- മരണ കണക്കുകള്‍ ദേശീയതലത്തിലായിരിക്കും കണക്കാക്കുക.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ഇലക്ടറല്‍ റോള്‍സ്, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സ്വത്ത് രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും. ജനനം, മരണം, ദത്തെടുക്കല്‍, ഗര്‍ഭാവസ്ഥയിലോ പ്രസവത്തിന്റെ സമയത്തോ ഉള്ള കുട്ടിയുടെ മരണം, മരണകാരണത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള ഫോമുകള്‍ക്കു പകരം കരട് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. മരണകാരണത്തിനുള്ള സര്‍ട്ടിഫിക്കറ്റില്‍ ഇനിമുതല്‍ മരണകാരണം കൂടാതെ രോഗം വന്നാണു മരിച്ചതെങ്കില്‍ രോഗത്തിന്റെ ചരിത്രവും ഉള്‍പ്പെടുത്തണം.

 

 

Related Articles

Back to top button
error: Content is protected !!