ChuttuvattomIdukki

ക്ഷയരോഗ ബോധവത്കരണത്തില്‍ കുട്ടികളെ പങ്കാളികളാക്കാന്‍ ‘യെസ് ക്യാമ്പയിന്‍’

ഇടുക്കി: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ലോഞ്ച് ചെയ്തു.
2023 ലെ ലോക ക്ഷയരോഗദിന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തുന്ന ക്യാമ്പയിനില്‍ ജില്ലയിലെ 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിക്കും. അറിവിലൂടെ ക്ഷയരോഗത്തെക്കുറിച്ചുള്ള അജ്ഞത അകറ്റുക, ക്ഷയരോഗ ബാധിതരോട് കാണിക്കുന്ന അവഗണനക്കെതിരെ പൊരുതുവാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഡിജിറ്റല്‍ ക്യാമ്പയിന്റെ ലക്ഷ്യം. ക്ഷയരോഗ ബോധവത്കരണ യാത്രാവിവരണ വീഡിയോ സ്‌കൂള്‍ തലത്തില്‍ പ്രദര്‍ശിപ്പിക്കുക, ശേഷം ഓരോ ക്ലാസുകളിലെയും കുട്ടികള്‍ ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യുക, ക്ഷയരോഗ ലഘുലേഖകള്‍ വായിക്കുക, ടി.ബി പ്രതിജ്ഞ എടുക്കുക എന്നിവയാണ് ക്യാമ്പയിനോട് അനുബന്ധിപ്പിച്ച് സംഘടിപ്പിക്കുക. ജില്ലാ ടിബി ഓഫീസര്‍ ഡോ.സെന്‍സി.ബി വിഭാവനം ചെയ്ത പദ്ധതി ജില്ലാ ടിബി സെന്ററിന്റെയും ആരോഗ്യ വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്. കളക്ടറുടെ ചേംബറില്‍ നടന്ന ക്യാമ്പയിന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ്.എല്‍, വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജ. കെ. ആര്‍, വിദ്യാഭ്യാസ ഉപ. ഡയറക്ടര്‍ വിജയ, ജില്ലാ ടിബി ഓഫീസര്‍ ഡോ. സെന്‍സി.ബി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ്.കെ, ആരോഗ്യവകുപ്പിലെയും വിദ്യാഭ്യാസവകുപ്പിലെയും ഉദ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!