ChuttuvattomThodupuzha

കൂട് സ്ഥാപിച്ചിട്ട് 20 ദിവസം ; പുലി കുടുങ്ങുമോയെന്ന് ആശങ്ക

തൊടുപുഴ : പുലിയെ കണ്ടുവെന്ന അഭ്യൂഹങ്ങള്‍ നാടുനീളെ വ്യാപകമാകുമ്പോഴും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളില്‍ ഭീതിപരത്തുന്ന പുലിയെ ഇതുവരെ പിടികൂടാനായില്ല. ഇരുപതു ദിവസം മുമ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുമെന്നുള്ള കാത്തിരിപ്പിലാണ് വനംവകുപ്പും ജനങ്ങളും. പുലിയുടെ സാന്നിധ്യമുള്ളയിടങ്ങളില്‍ വനം വകുപ്പിന്റെ പ്രത്യേകസംഘം നിരീക്ഷണം നടത്തുന്നുണ്ട്. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജാഗ്രതാസമിതികളും രൂപീകരിച്ചിട്ടുണ്ട്.

എന്നാല്‍ ദിവസങ്ങളായിട്ടും വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങാത്തതില്‍ ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. രണ്ടു മാസത്തിലേറെയായി ഇല്ലിചാരിയില്‍ പുലിയുടെ കാല്‍പ്പാടുകളും മറ്റും പ്രദേശവാസികളുടെ കണ്ണില്‍പ്പെട്ടിരുന്നെങ്കിലും ഇതെല്ലാം പൂച്ചപ്പുലിയോ മറ്റോ ആകാമെന്നു പറഞ്ഞാണ് വനംവകുപ്പ് സംഭവം നിസാരവത്കരിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം 16ന് ഇല്ലിചാരിയില്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ചിത്രം പതിഞ്ഞതോടെ പ്രദേശത്ത് വിഹരിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതും പുലി തന്നെയാണെന്നു വ്യക്തമായി. പിന്നീടാണ് 21ന് ഇവിടെ കൂട് സ്ഥാപിച്ചത്.

ഇല്ലിചാരിയില്‍ സ്ഥാപിച്ച കൂട് പിന്നീട് വീണ്ടും പുലിയുടെ ദൃശ്യം ലഭിച്ച പൊട്ടന്‍പ്ലാവിലേക്ക് മാറ്റിസ്ഥാപിച്ചു. ആടിനെ കാട്ടി പുലിയെ കൂട്ടിലാക്കാമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിനായി കെണിക്കു സമീപം തന്നെ മറ്റൊരു കൂട്ടില്‍ ആടിനെയും കെട്ടിയിട്ടിട്ടുണ്ട്. പുലിയുടെ സാന്നിധ്യം കൂടുതലായുള്ള പൊട്ടന്‍പ്ലാവില്‍ സ്ഥാപിച്ചിരിക്കുന്ന കൂട്ടില്‍ പുലി കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കാത്തിരിക്കുന്നത്. മുട്ടം പഞ്ചായത്തിലെ വിവിധയിടങ്ങള്‍ക്കു പുറമേ തൊടുപുഴ നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പലയിടങ്ങളിലായി പുലിയെ കണ്ടെന്ന വിവരങ്ങള്‍ വനംവകുപ്പിനെ പ്രതിരോധത്തിലാക്കിയതിനു പുറമേ നാട്ടുകാരുടെ ആശങ്ക ഇരട്ടിയാക്കി.

പുലി ഭീതി അധികരിച്ചതോടെ പഞ്ചായത്ത് തലത്തില്‍ ജാഗ്രതാ സമിതികളും രൂപീകരിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ കാണപ്പെട്ടത് ഒരേ പുലി തന്നെയാകാമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം അനാവശ്യ ആശങ്ക വേണ്ടെന്നും വനംവകുപ്പും പഞ്ചായത്തും അവശ്യമായ ക്രമീകരണങ്ങളൊരുക്കിയതായും കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!