ChuttuvattomThodupuzha

തൊടുപുഴ നഗരസഭയുടെ അടിസ്ഥാന സൗകര്യത്തിന് 50 കോടി

തൊടുപുഴ: നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 50 കോടിയുടെ പദ്ധതിക്ക് നഗരസഭ കൗണ്‍സിലും ഉപസമിതിയും അംഗീകാരം നല്‍കി. ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിക്കുന്ന അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ഹൗസിങ് ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 60 നഗരസഭകളില്‍  തൊടുപുഴ ഉള്‍പ്പെടും. കിഴക്കേ അറ്റത്തുള്ള പഴയ മാര്‍ക്കറ്റ് പൊളിച്ച് പുതിയ ഷോപ്പിങ് കോംപ്ലക്‌സ് പണിയുന്നതിന് 5.5 കോടി,  ഗാന്ധി സ്‌ക്വയറിന് സമീപമുള്ള പുതിയ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് എട്ട് കോടി, വെങ്ങല്ലൂര്‍ പള്ളിക്കുറ്റി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിന് മൂന്ന് കോടി, നഗരസഭ പാര്‍ക്കില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലേക്ക് തൂക്കുപാലം നിര്‍മിക്കുന്നതിന് അഞ്ച് കോടി, എല്ലാ വാര്‍ഡുകളിലും റോഡുകളും ഓടകളും നവീകരിക്കുന്നതിന് 20 കോടി രൂപയ്ക്കുമാണ് അനുമതി. ജിനദേവന്‍ സ്മാരക റോഡും ഉടുമ്പന്നൂര്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് നിര്‍മാണത്തിന് ഒന്നരക്കോടിയും ആധുനിക അറവുശാല നിര്‍മാണത്തിന് അഞ്ചരക്കോടിയും പൊതുസ്മശാനം നവീകരണത്തിന് ഒന്നരക്കോടിയും അനുവദിക്കാനുള്ള പദ്ധതി അംഗീകരിച്ചതായും  നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!