AccidentChuttuvattomThodupuzha

അപകടം വിതച്ച് പന്തയ്ക്കല്‍ വളവ്; ദുരന്തം വഴിമാറുന്നതു തലനാരിഴയ്ക്ക്

തൊടുപുഴ: ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മൂവാറ്റുപുഴ-പണ്ടപ്പിള്ളി-രാമപുരം-പാലാ ഹ്രസ്വദൂരപാതയിലെ പന്തയ്ക്കല്‍ വളവ് അപകടമേഖലയാകുന്നു. ഒരു മാസത്തിനിടെ പത്തോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. വ്യത്യസ്ത അപകടങ്ങളിലായി നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസി സ്ലീപ്പര്‍ കോച്ചുള്‍പ്പെടെയുള്ള ബസുകള്‍ സഞ്ചരിക്കുന്ന ഈ പാതയില്‍ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം പലപ്പോഴും ഒഴിവാകുന്നത്. ഏറ്റവും ഒടുവില്‍ ബംഗളൂരുവില്‍നിന്നുമെത്തിയ സംഘത്തിന്റെ വാഹനമാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. രാത്രിസമയങ്ങളിലാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. അപകടസാധ്യതാ മുന്നറിയിപ്പു നല്‍കി സൂചനാബോര്‍ഡ് പേരിനു മാത്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു പലപ്പോഴും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. ശബരിമല സീസണായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന തീര്‍ഥാടകരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. രണ്ടു കിലോമീറ്ററോളം ഇറക്കമുള്ള ഭാഗത്തെ വലിയ വളവാണ് അപകടക്കെണിയാകുന്നത്. നേരത്തെ അപകടം ഉണ്ടായപ്പോള്‍ ഇവിടെ സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയര്‍ തകര്‍ന്നനിലയിലാണ്. പിന്നീട് ഇവ പുനഃസ്ഥാപിച്ചിട്ടില്ല. ഇതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മൂവാറ്റുപുഴയില്‍നിന്നു പാലായിലേക്ക് കുറഞ്ഞ ദൂരത്തിലെത്താവുന്ന പാതയാണിത്. മൂവാറ്റുപുഴ-തൊടുപുഴ വഴി പാലായിലെത്താന്‍ 48 കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ മൂവാറ്റുപുഴ-പണ്ടപ്പിള്ളി-മാറിക-കുണിഞ്ഞി-പനച്ചുവട്-നീറന്താനം-രാമപുരം-ചക്കാന്പുഴവഴി പാലായിലെത്താന്‍ 34 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കുറഞ്ഞ ദൂരമായതിനാല്‍ ഗൂഗിള്‍മാപ്പിന്റെ സഹായത്താല്‍ യാത്രചെയ്യുന്നവര്‍ക്കു ലഭ്യമാകുന്നതും ഈ റൂട്ടാണ്. അതിനാല്‍ ഈ റോഡിലൂടെ നൂറുകണക്കിനു വാഹനങ്ങളാണ് രാപകല്‍ഭേദമില്ലാതെ സഞ്ചരിക്കുന്നത്.
കുറഞ്ഞ ദൂരത്തില്‍ മൂവാറ്റുപുഴയില്‍നിന്നു ശബരിമലയിലെത്താനും തീര്‍ഥാടകര്‍ക്കു കഴിയുമെന്നതാണ് ഈ പാതയുടെ സവിശേഷത. പാലായിലെത്തുന്ന തീര്‍ഥാടകര്‍ തൊടുപുഴ-പുനലൂര്‍ സംസ്ഥാന പാതയിലൂടെയാണ് ശബരിമലയിലേക്കുള്ള യാത്രതുടരുന്നത്. നേരത്തെ കെ.എം. മാണി മന്ത്രിയായിരുന്ന കാലയളവില്‍ എംസി റോഡിലെ തിരക്ക് കുറയ്ക്കുന്നതിനായി മൂവാറ്റുപുഴ-പുതുപ്പള്ളി-തിരുവല്ല ബൈപാസ് ഹൈവേയായി മൂവാറ്റുപുഴ-പണ്ടപ്പിള്ളി-രാമപുരം-പാലാ റോഡ് പ്രഖ്യാപിച്ച് ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാടകരാണ് കൂടുതലായും ഇതുവഴി സഞ്ചരിക്കുന്നത്. പതിവായി അപകടമുണ്ടാകുന്ന പന്തയ്ക്കല്‍ വളവിനു 500 മീറ്റര്‍ അകലെയെങ്കിലും ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ അടുത്തടുത്തായി സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ ഇവിടെ തുടര്‍ക്കഥയാകുന്ന അപകടം ഒഴിവാക്കാനാകൂ. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ അതു വന്‍ദുരന്തത്തിനു തന്നെ കാരണമായേക്കാം.

Related Articles

Back to top button
error: Content is protected !!