Local LiveVannappuram

വീടിന് മുകളിലേക്ക് വന ഭൂമിയിലെ മരം ചരിഞ്ഞ് നില്‍ക്കുന്നു ; വെട്ടിമാറ്റാന്‍ വര്‍ഷങ്ങളായിട്ടും നടപടിയില്ല ഗൃഹനാഥന്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു

മുള്ളരിങ്ങാട് : വീടിന് മുകളിലേയ്ക്ക് അപകടകരമാംവിധം ചാഞ്ഞു നില്‍ക്കുന്ന വാകമരം വെട്ടിമാറ്റാന്‍ വനം വകുപ്പ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഗൃഹനാഥന്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. മുള്ളരിങ്ങാട് പള്ളിക്കവല പുളിക്കല്‍ സന്തോഷാണ് റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. രണ്ടു വര്‍ഷം മുമ്പ് മരം വെട്ടി നീക്കണം എന്നാവശ്യപ്പെട്ട് വില്ലേജ്, പഞ്ചായത്ത്, മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും ഇതുവരെ മരം വെട്ടി മാറ്റിയില്ല. സന്തോഷിന്റെ വീടിന് അടുത്ത് തന്നെയുള്ള സെന്റ് മേരീസ് പ്ലേ സ്‌കൂളിന് മുകളിലേയ്ക്കും കൂടി ചാഞ്ഞാണ് വന ഭൂമിയില്‍ നില്‍ക്കുന്ന വാക മരം നില്‍ക്കുന്നത്.

പ്രതിഷേധം തുടങ്ങിയതോടെ കാളിയാര്‍ പോലീസും പ്രദേശവാസികളും ചേര്‍ന്ന് സന്തോഷിനെ അനുനയിപ്പിച്ച് റോഡില്‍ നിന്നും നീക്കി. എന്നാല്‍ മരം വെട്ടി മാറ്റേണ്ടിയില്ലെന്നും ശിഖരം മുറിച്ച് നീക്കിയാല്‍ മാത്രം മതിയെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതിന് കെഎസ്ഇബിയുടെ 11 കെ.വി ലൈന്‍ അഴിച്ചു മാറ്റണം. ലൈന്‍ അഴിച്ച് മാറ്റല്‍ നടപടിക്കായി 20000 രൂപാ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുള്‍പ്പെടെ വനം വകുപ്പ് 40000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയെങ്കിലും ഇതുവരെ ഫണ്ട് കിട്ടിയിട്ടില്ല. മരത്തിന്റ ശിഖരം മുറിച്ചു മാറ്റാന്‍ ജില്ലാ കളക്ടര്‍ വണ്ണപ്പുറം പഞ്ചായത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ പഞ്ചായത്തിന് നടപടി സ്വീകരിക്കാന്‍ കഴിയും. മരം മുറിക്കുന്നതിന് തടസം നില്‍ക്കുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!