ChuttuvattomMuttom

പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട തടിക്കഷ്ണത്തില്‍ തട്ടി അപകടം;സ്‌കൂട്ടര്‍ യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു

മുട്ടം: പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട തടിക്കഷ്ണത്തില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയും മകനും തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപെട്ടു. ഇന്നലെ രാവിലെ എട്ടോടെ  മുട്ടം എന്‍ജിനീയറിംഗ് കോളേജിന്  സമീപത്താണ് സംഭവം.മേലുകാവ് സ്വദേശിയായ വീട്ടമ്മയും മകനും തൊടുപുഴ ഭാഗത്തുള്ള ബന്ധു വീട്ടില്‍ പോയി  തിരികെ സ്‌കൂട്ടറില്‍ വരുമ്പോള്‍ പിന്നില്‍ നിന്ന് വന്ന ബസിന് കടന്ന് പോകാന്‍ ഇടത് വശത്തേക്ക് സ്‌കൂട്ടര്‍ ഒതുക്കിയപ്പോള്‍ പാതയോരത്ത് തള്ളിയിരിക്കുന്ന തടിക്കഷ്ണത്തില്‍ ചുരിദാറിന്റെ ഷാള്‍ ഉടക്കി.നിയന്ത്രണം തെറ്റി റോഡിന്റെ കട്ടിങ്ങിലേക്ക് തെന്നി മാറിയ സ്‌കൂട്ടര്‍ പെട്ടന്ന് ബ്രേക്ക് പിടിച്ച് നിര്‍ത്തിയതിനാല്‍ വലിയ അപകടത്തില്‍ നിന്നാണ് ഒഴിവായത്. സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്നിരുന്ന മകന്‍  ഭയന്ന് ഉച്ചത്തില്‍ കരയുന്ന ശബ്ദം കേട്ട് മറ്റ് വാഹന യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി വിവരങ്ങള്‍ തിരക്കിയിരുന്നു.

പാതയോരങ്ങളില്‍  തള്ളിയ അവശിഷ്ടങ്ങള്‍ മാറ്റിയിട്ടില്ല

സ്‌കൂട്ടര്‍ യാത്രക്കാരിയും മകനും അപകടത്തില്‍പെട്ട സ്ഥലത്തിന് ചുറ്റിലും പാതയോരത്ത് മരത്തിന്റെ തടിക്കഷ്ണങ്ങളും ചപ്പ് ചവറും കൂട്ടിയിട്ടിരിക്കുകയാണ്. എഞ്ചിനീയറിം​ഗ് കോളേജിന് സമീപം അപകടത്തില്‍ നിന്നിരുന്ന മരം മുറിച്ചതിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ തള്ളിയിരിക്കുന്നത്. പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഇതാണ് അവസ്ഥ.
മരം മുറിച്ച് മാറ്റിയിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞെങ്കിലും റോഡരുകില്‍ തള്ളിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ല. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന മരമാണ് മുറിച്ച് മാറ്റിയത് എന്നതിനാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ കോടതി നിര്‍ദ്ദേശ പ്രകാരം മാത്രമേ സ്വീകരിക്കാന്‍ കഴിയു എന്നാണ് പൊതുമരാമത്ത്, ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. മുട്ടം തോട്ടുങ്കര ഭാഗത്ത് അപകടാവസ്ഥയില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയെങ്കിലും അവശിഷ്ടങ്ങള്‍ റോഡിന്റെ വശങ്ങളിലും പരപ്പാന്‍ തോട്ടിലുമായി കിടക്കുകയാണ്.ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് വേണ്ടി മുട്ടം പഞ്ചായത്ത് അധികൃതര്‍ ഫോറസ്റ്റ് അധികൃതരെ വിവരം നിരവധി പ്രാവശ്യം അറിയിച്ചെങ്കിലും ഫോറസ്റ്റ് അധികൃതര്‍ എത്തിയിട്ടില്ല. നിയമത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടാതെ അപകടാവസ്ഥ അടിയന്തിരമായി പരിഹരിക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ തയ്യാറാകണം എന്നാണ്  പ്രദേശവാസികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!