ChuttuvattomIdukki

സാഹസികത ഇനി വാഗമണില്‍; ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം; ഉദ്ഘാടനം ബുധനാഴ്ച

ഇടുക്കി: കോലാഹലമേട്ടിലെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5 ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടക്കുന്ന യോഗത്തില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാവും. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡി ടി പി സി യും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ്സ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.
   സമദ്രനിരപ്പില്‍ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടി രൂപയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാന്‍ സാധിക്കും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫോള്‍, ജയന്റ് സ്വിങ്, സിപ്‌ലൈന്‍ തുടങ്ങിയവയും സാഹസിക പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ എം.എല്‍.എ.മാരായ എം എം മണി, അഡ്വ എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിത്യ എസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ്, ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോമി പുണോളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!