ChuttuvattomThodupuzha

ഗതാഗത നിയമലംഘനം കൂടി; രണ്ടു മാസത്തിനിടെ കണ്ടെത്തിയത് 17,052 കുറ്റങ്ങള്‍

തൊടുപുഴ: രണ്ടു മാസത്തിനിടെ 38 എ.ഐ കാമറകളില്‍ നിന്ന് ജില്ലയില്‍ കണ്ടെത്തിയത്  17,052 ഗതാഗത നിയമലംഘനങ്ങള്‍. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ ജൂലൈ 30 വരെയാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.  സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഹെല്‍മറ്റില്ലാതെ സഞ്ചരിക്കുക, ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് കൂടുതല്‍ കണ്ടെത്തിയത്. വാഹനയുടമകളില്‍ നിന്നും  പിഴ ഈടാക്കുന്ന നടപടികളടക്കം പുരോഗിക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പധികൃതര്‍ പറഞ്ഞു.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും

മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയതില്‍ 5293 നിയമംഘനങ്ങളും  ഡ്രൈവര്‍  സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരിലാണ്. ഇരുചക്ര വാഹനം ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാത്ത 3458 കേസുകളും പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതിന് 1249 നിയമ ലംഘനകളും കണ്ടെത്തി. ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിന് 103 നിയമലംഘനങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 63 കേസുകളും കണ്ടെത്തിയിട്ടുണ്ട് . ഒന്നിലധികം നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ട 2518 പേരെയും കാമറ കണ്ടെത്തി.

നടപടി ഊര്‍ജിതമാക്കും

നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ച് പിടികൂടിയാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിലെ  യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതും,  മൂന്നുപേര്‍ യാത്ര ചെയ്യുന്നതും, വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും, ഡ്രൈവറോ യാത്രക്കാരനോ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വരുന്നതും കാമറ ഒപ്പിയെടുക്കുന്ന നിയമലംഘനകളില്‍ ചിലതാണ്. കൂടാതെ നമ്പര്‍ പ്ലേറ്റ് മറയ്ക്കുക , നമ്പര്‍ വ്യക്തമാകാതിരിക്കുവാനായി കൃത്രിമത്വം കാണിക്കുക ,കുട്ടികളെകൊണ്ട് വാഹനം ഓടിപ്പിക്കുക പോലുള്ള കുറ്റ കൃത്യങ്ങളും,പെര്‍മിറ്റ് ,രജിസ്ട്രേഷന്‍,റോഡ് ടാക്സ് ,ഫിറ്റ്നസ് എന്നിവയുടെ സാധുത ഇല്ലാത്ത വാഹനങ്ങള്‍ക്കുകൂടി പിഴ ചുമത്തും. ഇതിനിടെ  കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുള്ള  വ്യാജ പ്രചാരണങ്ങളടക്കം വിശ്വസിച്ച് നിയമം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇതാണ് നിയമലംഘനങ്ങളുടെ എണ്ണവും വര്‍ധിക്കാന്‍  കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!