Thodupuzha

ഇടുക്കി ജില്ലയില്‍ 285 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആന്‍റി നാര്‍കോട്ടിക് ക്ലബ്

തൊടുപുഴ: ജില്ലയിലെ 224 സ്‌കൂളുകളിലും 61 കോളേജുകളിലുമായി ആകെ 285 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആന്റി നാര്‍കോട്ടിക് ക്ലബ് രൂപവത്കരിച്ചു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പൊലീസ് നടപ്പാക്കുന്ന ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായാണിത്. സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരെയുള്ള യോദ്ധാക്കളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചുവരുകയാണ്. ഇതുവരെ 323 ബോധവത്കരണ ക്ലാസും 475 റെയ്ഡും നടത്തി. ലഹരിവിരുദ്ധ പ്രമോഷനല്‍ വിഡിയോകള്‍ തയാറാക്കി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ യോദ്ധാവ് പദ്ധതിയെക്കുറിച്ചും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നു. കൂടാതെ യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രദേശവാസികളെയും വിദ്യാര്‍ഥികളെയും സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെയും ഉള്‍പ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണ റാലികളും വടംവലി, ഫ്‌ലാഷ്‌മോബ്, പോസ്റ്റര്‍ പ്രചാരണം, ബ്രോഷര്‍ വിതരണം, ഷോര്‍ട്ട് ഫിലിം, ആന്റി നാര്‍കോട്ടിക് പ്ലഡ്ജ് തുടങ്ങിയവയും സംഘടിപ്പിച്ചു.പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ഇടുക്കി നാര്‍കോട്ടിക് സെല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലെയും ആന്റി നാര്‍കോട്ടിക് കോഓഡിനേറ്റര്‍മാരുടെ യോഗം നടത്തി.പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ ലഹരി എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എല്ലാ സ്‌കൂളിലും കോളേജിലും അധ്യാപകരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് സബ് ഡിവിഷന്‍തലത്തില്‍ പരിശീലനം സംഘടിപ്പിച്ചു. യോദ്ധാവ് പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാന്‍ ജില്ലതലത്തില്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ക്കും ജില്ലയിലെ എസ്.ഐ റാങ്ക് മുതലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എന്‍.ഡി.പി.എസ് കേസുകള്‍ സംബന്ധിച്ചും പ്രത്യേകം പരിശീലനവും നല്‍കി.

Related Articles

Back to top button
error: Content is protected !!