Idukki

പേഴ്‌സില്‍ എംഡിഎംഎ ഒളിപ്പിച്ച് കുടുക്കാന്‍ ശ്രമം: യുവാവ് പിടിയില്‍.

ഇടുക്കി: പെണ്‍സുഹൃത്തിന്റെ പേഴ്‌സില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് കുടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉപ്പുതറ കണ്ണമ്പടി പണത്തോട്ടത്തില്‍ ജയന്‍ (38) ആണ് കട്ടപ്പനയില്‍ അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് മാസമായി പൊന്‍കുന്നത്തായിരുന്നു ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ ഒഴിവാക്കുന്നതിന് വേണ്ടി പേഴ്‌സില്‍ മയക്കു മരുന്ന് ഒളിപ്പിച്ച് വച്ച ശേഷം എക്‌സൈസില്‍ വിളിച്ച് പറഞ്ഞു കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു.ഞായറാഴ്ച്ച ഉച്ചയ്ക്ക് ജയന്റെ വീട്ടിലേയ്ക്ക് പോകാമെന്ന് യുവതിയെ വിശ്വസിപ്പിച്ച് കട്ടപ്പനയിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ എത്തി മുറിയെടുത്ത് ശേഷം തിങ്കളാഴ്ച്ച രാവിലെ യുവതി ശുചി മുറിയില്‍ കയറിയ തക്കംനോക്കി പേഴ്‌സില്‍ മയക്ക് മരുന്ന് ഒളിപ്പിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു.പേഴ്‌സിലിരുന്ന രണ്ടായിരം രൂപയും ജയന്‍ കൈക്കലാക്കി. പിന്നീട് 10.20 ഓടെ കട്ടപ്പന എക്‌സൈസ് റേഞ്ച് ഓഫീസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. സംഗീത ജംഗ്ഷനിലെ ലോഡ്ജില്‍ താമസിക്കുന്ന യുവതിയുടെ പേഴ്‌സില്‍ മയക്ക് മരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉടന്‍ തന്നെ എക്‌സൈസ് സംഘം ലോഡ്ജിലെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ കണ്ടെത്തി. യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍് ഇവര്‍ക്കൊപ്പം ജയനുണ്ടായിരുന്നതായി വ്യക്തമായി. ഇയാളുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് വിവരം തന്നയാളും യുവതിക്കൊപ്പമുണ്ടായിരുന്നയാളും ഒരാളാണെന്ന് സ്ഥീരികരിച്ചത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉച്ചയോടെ ഇയാളെ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ആറ് മാസം മുന്‍പ് ഫേസ് ബുക്ക് വഴിയാണ് പ്രതിയുമായി യുവതി പരിചയത്തിലായത്. ഒരുമിച്ച് താമസിച്ചപ്പോഴൊക്കെ ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഇയാള്‍ യുവതിയുടെ പേഴ്‌സില്‍ 300 മില്ലിഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. എംഡിഎംഎ ചേര്‍ത്തലയില്‍ നിന്നാണ് പ്രതി വാങ്ങിയത്. ഇയാള്‍ക്കെതിരെ മുന്‍പും കഞ്ചാവ് കൈവശം വച്ചതിനുള്‍പ്പടെ എക്‌സൈസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!