Thodupuzha

ബില്‍ കുടിശ്ശിക; ജല അതോറിറ്റി കണക്‌ഷന്‍ വിച്ഛേദിക്കല്‍ ഊര്‍ജിതമാക്കി

തൊടുപുഴ: കുടിശ്ശിക തീര്‍ക്കാത്തവരുടെ ശുദ്ധജല കണക്‌ഷനുകള്‍ വിച്ഛേദിക്കുന്ന നടപടി ജലഅതോറിറ്റി ഊര്‍ജിതമാക്കി.500ന് മുകളില്‍ ബില്‍ കുടിശ്ശികയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ശുദ്ധജല കണക്‌ഷനുകള്‍ വിച്ഛേദിക്കാനാണ് നിര്‍ദേശം. ഇപ്പോള്‍ 2000ന് മുകളില്‍ കുടിശ്ശികയുള്ളവരുടെ കണക്ഷന്‍ വിച്ഛേദിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ജലഅതോറിറ്റി തൊടുപുഴ സബ് ഡിവിഷന് കീഴില്‍ മാത്രം ബില്‍ കുടിശ്ശിക 2000ന് മുകളിലുള്ള 1911 ഗാര്‍ഹിക, ഗാര്‍ഹികേതര കണക്‌ഷനുകള്‍ ഉണ്ടെന്ന് ജലഅതോറിറ്റി അധികൃതര്‍ പറഞ്ഞു.

 

14 പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് തൊടുപുഴ സബ് ഡിവിഷന്‍. വലിയ കുടിശ്ശികയുള്ളതിലേറെയും സര്‍ക്കാര്‍ ഓഫിസുകളാണ്. 50,000ന് മുകളില്‍ കുടിശ്ശികയുള്ള 13 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് തൊടുപുഴ മേഖലയിലുള്ളത്. ആശുപത്രികള്‍ ഒഴികെ സര്‍ക്കാര്‍ മേഖലയിലെ കണക്ഷനുകളും കുടിശ്ശിക ‌ഉണ്ടെങ്കില്‍ വിച്ഛേദിക്കാനാണ് നിര്‍ദേശം. ജലഅതോറിറ്റി പീരുമേട്, പൈനാവ് സബ് ഡിവിഷനു കീഴിലും കുടിശ്ശിക തീര്‍ക്കാത്തവരുടെ ശുദ്ധജല കണക്‌ഷനുകള്‍ വിച്ഛേദിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

 

കുടിശ്ശിക അടക്കണമെന്ന് മുമ്ബ് പലതവണ ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഉദ്ദേശിച്ച വരുമാനം ലഭിച്ചില്ല. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തോളം കണക്‌ഷനുകള്‍ വിച്ഛേദിച്ചിരുന്നില്ല. സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് ജല അതോറിറ്റി ഇപ്പോള്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. വേനല്‍ കടുത്തുതുടങ്ങിയ സമയത്തെ നടപടി കൂടുതല്‍ ഗുണംചെയ്യുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ തന്നെ കണക്‌ഷന്‍ വിച്ഛേദിക്കുന്ന തീയതി രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ തുടര്‍ന്നുള്ള അറിയിപ്പ് ഉണ്ടാകില്ല.

 

പ്രവര്‍ത്തനരഹിതമായ മീറ്റര്‍ ഉപയോഗിച്ച്‌ വെള്ളം എടുക്കുന്നവരുടെ കണക്‌ഷന്‍ കുടിശ്ശിക ഇല്ലെങ്കില്‍ പോലും വിച്ഛേദിക്കും. ഇത്തരത്തില്‍ 723 കണക്‌ഷനുകള്‍ തൊടുപുഴ സബ് ഡിവിഷന് കീഴില്‍ ഉള്ളതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. മീറ്റര്‍ കേടുവന്നവര്‍ ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെട്ട് ഇതു മാറ്റിസ്ഥാപിക്കണം. കുടിശ്ശികയുള്ളവര്‍ എത്രയും വേഗം അത് അടച്ചുതീര്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!