Idukki

ഇടമലക്കുടി പഞ്ചായത്തില്‍ സൗജന്യമായി വയറിങ് ചെയ്ത് ബി.ജെ.പി പ്രവര്‍ത്തകര്‍

മൂന്നാര്‍ : കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ആണ്ടവന്‍കുടിയിലെ മുഴുവന്‍ വീടുകളും ബി.ജെ.പി യുടെ നേതൃത്വത്തില്‍ സൗജന്യമായി വയറിങ് നടത്തി. ആണ്ടവന്‍കുടിയിലെ 46 വീടുകളാണ് പൂര്‍ണ്ണമായി വയറിങ് ജോലികള്‍ ചെയ്തു തീര്‍ത്തത്. ഉഴവൂര്‍ ഇടമന ജിഷ്ണു വാസുദേവന്‍ നമ്പൂതിരിയാണ് വയറിങ്ങിനാവശ്യമുള്ള വസ്തുക്കള്‍ സൗജന്യമായി വാങ്ങി നല്‍കിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സാധനങ്ങളുമായി ആണ്ടവന്‍ കുടിയിലെത്തിയിരുന്നു. തൊടുപുഴ മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ അജിക്കുട്ടന്റെ മേല്‍നോട്ടത്തിലാണ് വയറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചത്. ഇതിനു മുന്‍പ് ഇഡലിപ്പാറക്കുടിയിലെ കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരം പൈപ്പിട്ടു നല്‍കി പരിഹരിച്ചത് മുന്‍ എം.പി സുരേഷ് ഗോപിയാണ്. അദ്ദേഹം ഇടമലക്കുടി സന്ദര്‍ശിച്ച സമയത്ത് അവരുടെ ആവശ്യപ്രകാരം കമ്മ്യൂണിറ്റി സെന്ററിന്റെ നിര്‍മാണം കൂടി ചെയ്തു കൊടുക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പരാധീനതകളുടെ പറുദീസയായ ഇടമലക്കുടിക്ക് സ്വന്തമായി ഒരു പഞ്ചായത്ത് ഓഫീസ് പോലുമില്ല. പഞ്ചായത്ത് ഓഫീസ് ദേവികുളം പഞ്ചായത്തില്‍ ആണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരയോഗ്യമായ വഴിയോ വിദ്യാഭ്യാസ സൗകര്യമോ ആശുപത്രിയോ ഇടമലക്കുടിയിലെ ഗോത്രവര്‍ഗക്കാരുടെ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. വാര്‍ത്താ വിനിമയ സംവിധാനത്തിന്റെ അപര്യാപ്തത വൈദ്യുതി എത്താത്ത കുടികള്‍, അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 36 കിലോമീറ്റര്‍ വനത്തിലൂടെ കാല്‍നടയായി സഞ്ചരിക്കേണ്ട അവസ്ഥ, ഭക്ഷണത്തിന് റേഷനരി മാത്രം, വന്യജീവി അക്രമം മൂലം ഒരു കൃഷിപോലും നടുവാന്‍ പറ്റാത്ത സാഹചര്യം, പോഷക ആഹാരകുറവിന്റെ പ്രശ്നങ്ങള്‍, കുടിവെള്ള ക്ഷാമം തുടങ്ങി നിരവധിയായ വിഷയങ്ങളാണ് പഞ്ചായത്തിലെ ജനങ്ങള്‍ അഭിമുഖികരിക്കുന്നത്. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തിന്റെ നിലവിലെ ദയനീയമായ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള പരിശ്രമത്തിലാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!