Idukki

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ജീവനൊടുക്കി

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ ബെന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറാണ് മരിച്ച ലിജ.

കഴിഞ്ഞ ദിവസമാണ് നവജാത ശിശു ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. അപ്പോള്‍ മുതല്‍ ലിജ കടുത്ത മനസിക സംഘര്‍ഷത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ശേഷം ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. എപ്പോഴും അമ്മയും സഹോദരങ്ങളും ലിജക്കൊപ്പമുണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ പള്ളിയില്‍ പോകാനായി അമ്മയും സഹോദരങ്ങളും ഒരുങ്ങുന്നതിനിടയിലാണ് ലിജ മൂത്ത കുട്ടിയുമായി കിണറ്റില്‍ ചാടിയത്.

വീട്ടിലെ 40 അടിയോളം താഴ്ച്ചയുള്ള കിണറിലേക്കാണ് ലിജ മകനുമായി ചാടിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി. ഇരുവരെയും പുറത്തെടുത്തു. അപ്പോഴേക്കും ഇരുവര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ കട്ടപ്പന താലൂക്കാശുപത്രിയിലേക്ക് മാറ്റി. രണ്ടു വര്‍ഷം മുന്‍പ് ലിജയുടെ മറ്റൊരു കുട്ടിയും വിവിധ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. തിടനാട് സ്വദേശിയായ കുമ്മണ്ണുപറമ്പില്‍ ടോം ആണ് ലിജയുടെ ഭര്‍ത്താവ്. പോസ്റ്റ്‌മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Articles

Back to top button
error: Content is protected !!