Idukki

ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ല; മന്ത്രി എ.കെ ശശീന്ദ്രന്‍

ഇടുക്കി: ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാനോ മാറ്റി പാര്‍പ്പിക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.കട്ടപ്പനയില്‍ വന സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയല്‍ കക്ഷി ചേര്‍ന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ വികാരത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത വ്യക്തികളുടെയും സംഘടനകളുടെയും ശ്രമങ്ങള്‍ ഒരു രാഷ്ട്രിയപ്പാര്‍ട്ടിക്കും ഗുണമല്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് വനം വകുപ്പ് വനസൗഹൃദ സദസ്സ് സംഘടിപ്പിക്കുന്നതെന്നും വനം വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ജില്ലയില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ട്. വന്യജീവി ആക്രമണ നഷ്ടപരിഹാരം, കൃഷി നാശം, റോഡിന് അനുമതി, പട്ടയ പ്രശ്‌നം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ നിയമാനുസൃതമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നഷ്ടപരിഹാര തുക സമയബന്ധിതമായി നല്‍കുക, നഷ്ടപരിഹാര തുക തുച്ഛമാണെന്ന പരാതി പരിഹരിക്കുക തുടങ്ങിയവയില്‍ സ്വതരശ്രദ്ധ പതിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യു, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിമാര്‍, ജില്ലയിലെ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പട്ടയ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമെന്യെ പരിഹരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും വന സൗഹൃദ സദസ്സ് പോലുള്ള പരിപാടികളിലൂടെ വനം വകുപ്പുമായി ബന്ധപ്പെട്ട ജനകീയപ്രശ്‌നങ്ങള്‍ സംവാദങ്ങളിലൂടെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി, എം.എം മണി എംഎല്‍ എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യോഗത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കുമുള്ള നഷടപരിഹാര തുകയുടെ വിതരണവും മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. 12 പേര്‍ക്കായി 4.16 ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. വനാവകാശ നിയമപ്രകാരം റോഡ് കോണ്‍ക്രീറ്റിങ്ങിന് വികസനാവകാശ ഉത്തരവും, റോഡരികില്‍ അപകട ഭീഷണിയായ മരം മുറിക്കാനുള്ള അനുമതിയും യോഗത്തില്‍ മന്ത്രി നല്‍കി. വികസനാവശ്യം പരിഗണിച്ച്‌ ഇടുക്കി മെഡിക്കല്‍ കോളേജിന്റെ സമീപം ജല്‍ജീവന്‍ മിഷന്റെ ജലശുദ്ധീകരണശാല വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് മരം മുറിക്കാനുള്ള അനുമതിയും കൈമാറി. കൂടാതെ ഈ വര്‍ഷത്തെ വനമിത്ര അവാര്‍ഡ് ജേതാവ് സഞ്ചു ജോര്‍ജിനെയും മന്ത്രി അനുമോദിച്ചു.

വന സൗഹൃദ സദസ്സിന് മുന്നോടിയായി മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വനംവകുപ്പുമായി ബന്ധപ്പെട്ട ജനകീയ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. നിയമാനുസൃതമായി ശ്വാശത പരിഹാരം കണ്ടെത്തുമെന്ന് ജനപ്രതിനിധികള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി.

കട്ടപ്പന മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ വന സൗഹൃദ സദസ്സില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ.പി. പുകഴേന്തി, ജില്ലാ ആസുത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി പ്രമോദ്, ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.കെ വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button
error: Content is protected !!