ChuttuvattomMuttom

മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും സംഘര്‍ഷം

തൊടുപുഴ: മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും സംഘര്‍ഷം.എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകരാണ് കോളജില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്. ഇടവേളയ്ക്കു ശേഷം വിദ്യാര്‍ത്ഥി സംഘര്‍ഷത്താല്‍ കലുഷിതമായി മുട്ടം എഞ്ചിനിയറിംഗ് കോളേജും പരിസരവും. കോളജിലെ ഫ്രഷേഴ്‌സ് ഡേ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരു സംഘടനകളില്‍നിന്നായി മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുകൂട്ടരുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ മുട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായിരുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ കാരണം മുട്ടത്തെ ക്രമസമാധാന നില തന്നെ താറുമാറാകുന്ന സ്ഥിതിഗതിയായിരുന്നു. പ്രദേശവാസികള്‍ക്കും വ്യാപാരികള്‍ക്കും സംഘര്‍ഷം ബുദ്ധിമുട്ടായി മാറുകയും ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാരും വ്യാപാരികളും രംഗത്തു വരികയും പോലീസ് കര്‍ശന നടപടിയെടുക്കുകയും കൂടി ചെയ്തതോടെ കഴിഞ്ഞ ഏതാനും നാളുകളായി മുട്ടവും പരിസരങ്ങളും വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്ലാതെ സമാധാനപരമായ അവസ്ഥയിലേക്ക് എത്തിയിരുന്നു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുട്ടത്ത് വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായി മാറുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.എന്നാല്‍ എഞ്ചിനീയറിംഗ് കോളേജ് സംഘര്‍ഷത്തിന് കാരണം ലഹരി മാഫിയയാണെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയോളമായി മുട്ടത്ത് ലഹരി പാര്‍ട്ടി ഉള്‍പ്പെടെ നടത്തിയതിന്റെ ഭാഗമായാണ് കോളേജില്‍ സംഘര്‍ഷം ഉണ്ടായത്. ലഹരി കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് കോളജില്‍നിന്നു പുറത്താക്കിയ വ്യക്തി കഴിഞ്ഞ രണ്ട് ദിവസമായി കോളേജില്‍ പ്രവേശിച്ച് ഇടതു വിദ്യാര്‍ത്ഥി സംഘടനയ്ക്കായി പ്രവര്‍ത്തിച്ചതായി ഇവര്‍ ആരോപിച്ചു. ഒരാഴ്ച മുമ്പ് കെഎസ്യു സ്ഥാപിച്ച കൊടിതോരണങ്ങള്‍ ഉള്‍പ്പെടെ കോളേജിന് അകത്തുനിന്നു മോഷണം പോയിരുന്നു. പരാതി നല്‍കിയിട്ടും സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നു മോഷ്ടാക്കളെ കണ്ടെത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!