ChuttuvattomIdukki

തുടര്‍ച്ചയായ മഴ; സജീവമായി ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍

തൊടുപുഴ: പ്രകൃതിയൊരുക്കിയ മറ്റ് ദൃശ്യങ്ങള്‍ക്കൊപ്പം ഇടുക്കിയിലെ വിനോദ സഞ്ചാര രംഗത്തെ മുഖ്യാകര്‍ഷണമാണ് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍. ദിവസങ്ങളോളം പെയ്ത വേനല്‍ മഴയില്‍ വെള്ളച്ചാട്ടങ്ങളെല്ലാം സജീവമായതിന്റെ സന്തോഷത്തിലാണ് ഇടുക്കിക്കാരും ഇവിടേക്കെത്തുന്നവരും. മണ്‍സൂണ്‍ സീസണ്‍ കൂടി വരുന്നതോടെ കാഴ്ച്ച വിരുന്നാസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ വരവും വര്‍ധിച്ചു. തൊമ്മന്‍കുത്ത്, ചീയാപ്പാറ, വളഞ്ഞങ്ങാനം, ഇലപ്പള്ളി തുടങ്ങി ഇടുക്കിയില്‍ വെള്ളച്ചാട്ടങ്ങള്‍ നിരവധിയുണ്ട്. മിക്കതും പാതയോരങ്ങളില്‍ തന്നെയാണെന്നതും പ്രത്യേകതയാണ്. ഇടുക്കി ജില്ലയിലെ ഭൂരിഭാഗം വെള്ളച്ചാട്ടങ്ങളും റോഡരികിലായതിനാല്‍ ഏത് യാത്രാവേളയിലും ഇവ ആസ്വദിക്കാനുമാകും. മലമടക്കുകളില്‍ നിന്നുത്ഭവിച്ച് പാലരുവിക്ക് സമാനമായാണ് മിക്ക വെള്ളച്ചാട്ടങ്ങളും ഒഴുകുന്നത്. ഇവിടുത്തെ കാഴ്ച്ചകള്‍ ആസ്വദിക്കാനും നീന്തി തുടിക്കാനുമൊക്കെ എത്തുന്നവരുടെ തിരക്കും വര്‍ധിച്ച് തുടങ്ങി. തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളും നിറഞ്ഞാണ് ഒഴുകുന്നത്. മീറ്ററുകളോളം ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും അവിടെ നിന്നുള്ള ദൃശ്യങ്ങളും അതി മനോഹരമാണ്. ഇവ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാനും മറ്റും നിത്യേന സഞ്ചാരികളുടെ ഒഴുക്കാണ്. പലപ്പോഴും റോഡുകളില്‍ വാഹനങ്ങള്‍ ഒതുക്കിയിട്ടാണ് സഞ്ചാരികള്‍ കാഴ്ചയാസ്വദിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളിലായ്മയും അപകട സാധ്യതയും

സന്ദര്‍ശക തിരക്കേറുന്നത് ഉള്‍പ്പെടെ പല വെള്ളച്ചാട്ടങ്ങള്‍ക്ക് സമീപവും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധിയാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള സന്ദര്‍ശകരാണ് ഇത് മൂലം ഏറെ ദുരിതത്തിലാകുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. കാഴ്ച വിരുന്നിനൊപ്പം വെള്ളച്ചാട്ടങ്ങളില്‍ അപകട സാധ്യതയും ഏറെയാണ്. സ്ഥല പരിചയമില്ലാത്തവരും നീന്തല്‍ വശമില്ലാത്തവരും വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങി അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. പലപ്പോഴും പാറയിലുള്ള വഴുക്കലും മറ്റും മൂലം കാല്‍ വഴുതി വെള്ളത്തിലേക്ക് പതിക്കാറുണ്ട്. ഇതിലുപരി പല വെള്ളച്ചാട്ടങ്ങളും പതിക്കുന്നത് മീറ്ററുകളോളം ആഴമുള്ള കുഴികളിലേക്കാവും. ഇവിടെ കുളിക്കാനും മറ്റുമിറങ്ങുന്നവരും അപകടത്തില്‍പ്പെടാറുണ്ട്. മലയോര മേഖലയിലെ പല വെള്ളച്ചാട്ടങ്ങളുടേയും സമീപ പ്രദേശങ്ങളില്‍ മഴയില്ലെങ്കിലും മല മുകളില്‍ മഴയുണ്ടെങ്കില്‍ വെള്ളം കുതിച്ചെത്തുന്ന അവസ്ഥയുണ്ട്. ഈ സമയം വെള്ളച്ചാട്ടങ്ങളിലിറങ്ങി നില്‍ക്കുന്നവര്‍ ഒഴുക്കില്‍പ്പെടാനുള്ള സാധ്യതയുണ്ട്.

 

Related Articles

Back to top button
error: Content is protected !!