Kerala

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,962 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,697 രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 22,416 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനമായി ഉയര്‍ന്നു. പുതിയതായി 26 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,677 ആയി ഉയരുകയും ചെയ്തു. ഒരു ഇടവേളയ്ക്കുശേഷമാണ് രാജ്യത്ത് കോവിഡ് രോഗികള്‍ വധിക്കുന്നത്. കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. കോവിഡ് വര്‍ധിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിനു പുറമേ മഹാരാഷ്ട്ര, തെലുങ്കാന, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചത്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്.കേരളത്തില്‍ 11 ജില്ലകളില്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടി, രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്‍ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെവീഴ്ച സംഭവിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മാസ്‌ക് ഉറപ്പാക്കാനും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ളവരും പ്രികോഷന്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും പ്രികോഷന്‍ ഡോസ് എടുക്കണമെന്നും വീണ ജോര്‍ജ് നിര്‍ദേശിച്ചു. നിലവില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലുള്ളതെന്നും മന്ത്രി പറഞ്ഞു. ഈ ജില്ലകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. പ്രദേശികമായി വാക്‌സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്‌സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും വാക്‌സീന്‍ ഉറപ്പാക്കും. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സീനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുമെന്നും വീണ ജോര്‍ജ് അറിയിച്ചു

 

Related Articles

Back to top button
error: Content is protected !!