ChuttuvattomIdukki

ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ ഡീന്‍ കുര്യാക്കോസ് എം.പി

ഇടുക്കി: സ്‌നേഹം കൊണ്ട് കേരള ജനതയുടെ ഹൃദയം കീഴടക്കിയ ജനകീയനേതാവ് ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. താന്‍ ജീവിതത്തില്‍ സ്വാംശീകരിച്ച മൂല്യങ്ങളെ പ്രായോഗികതലത്തില്‍ നടപ്പാക്കുന്നതിന് കര്‍മ്മോത്സുകമായ ആത്മാര്‍പ്പണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവനും. പാവപ്പെട്ടവരുടെയും അനാഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതഭാരം ലഘൂകരിക്കുന്നതിനായി കേരളത്തിന്റെ മുക്കിലും മൂലയിലും അദ്ദേഹം വിശ്രമമില്ലാതെ ഓടി നടന്നു. നാട്യങ്ങളില്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരെയും ജനങ്ങളെയും തന്നോട് ചേര്‍ത്തു നടത്തിയ ഉമ്മന്‍ചാണ്ടി, ഒരു കെ എസ് യു പ്രവര്‍ത്തകനായി സംഘടനാ പ്രവര്‍ത്തനമാരംഭിച്ച എന്റെ പൊതുപ്രവര്‍ത്തന വഴികളില്‍ എന്നെ എപ്പോഴും ഹൃദയത്തോട് ചേര്‍ത്ത് കയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ളത് അദ്ദേഹമായിരുന്നു. ആഴമായ സ്‌നേഹവും വാത്സല്യവും തിരുത്തലും നല്‍കുവാന്‍ അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നു. ഇടുക്കിയിലെ ജനങ്ങളെ എന്നും നെഞ്ചിലേറ്റിയ നേതാവായിരുന്നു അദ്ദേഹം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മന്‍ചാണ്ടി കോളനി അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍തന്നെ നാമകരണം ചെയ്യപ്പെട്ടതാണ്. തന്റെ ഭരണകാലത്തും അല്ലാത്തപ്പോഴും പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നവരില്‍ നൂറുകണക്കിന് ഇടുക്കിക്കാര്‍ എന്നുമുണ്ടായിരുന്നു. ഇടുക്കിയിലെ ജനകീയ പ്രശ്‌നങ്ങളോട് എന്നും സവിശേഷ ശ്രദ്ധയും താല്പര്യവും പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഭരണകാലത്താണ് മലയോര കര്‍ഷകര്‍ക്ക് നാല്പത്തി അയ്യായിരത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ തൊടുപുഴയിലും ഇടുക്കിയിലും പതിനായിരക്കണക്കിന് വ്യക്തികള്‍ക്ക് സഹായം നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ ജനോന്മുഖമാക്കി വികസനത്തിന്റെയും കരുതലിന്റയും കൈമുദ്ര ചാര്‍ത്തി. ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ പ്രാരംഭം കുറിച്ചത് അദ്ദേഹത്തിന്റെ ഇടുക്കിയോടുള്ള സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഇടുക്കി താലൂക്ക് രൂപീകരണം, നിരവധി വില്ലേജ് ഓഫീസുകളുടെ രൂപീകരണം, നെടുങ്കണ്ടം സിവില്‍ സ്റ്റേഷന്‍, കട്ടപ്പന ഗവണ്‍മെന്റ് കോളേജ്, ഇടുക്കി എന്‍ജിനീയറിങ് കോളേജ്, പൈനാവ് എം.ആര്‍.എസ് തുടങ്ങിവയുടെ നവീകരണം ഫയര്‍ സ്റ്റേഷന്‍, നെടുങ്കണ്ടം ഐ എച്ച് ആര്‍ ഡി കോളേജ്, നെടുങ്കണ്ടം കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സെന്റര്‍, കുമളി – പൂപ്പാറ സംസ്ഥാന പാതയുടെ നവീകരണം ആരംഭം എന്നിവയുള്‍പ്പെടെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ശമ്പളത്തില്‍ ഒറ്റയടിക്ക് 69 രൂപയുടെ വര്‍ദ്ധനവ് വരുത്തിയതും ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. അടിമാലി താലൂക്ക് ആശുപത്രിയുടെ നവീകരണത്തിന് ആദ്യമായി ഏഴരക്കോടി രൂപയുടെ പദ്ധതികള്‍ ചീയപ്പാറ ദുരന്തഭൂമിയില്‍ പ്രഖ്യാപിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്തത്, കാന്തല്ലൂര്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ്, വട്ടവട, ചിന്നക്കനാല്‍ തുടങ്ങി നിരവധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കാന്തല്ലൂരിലെ പട്ടിശ്ശേരി ഡാം കൊച്ചിന്‍ കൊടയ്ക്കനാല്‍ കാമരാജ് മെമ്മോറിയല്‍ സംസ്ഥാനന്തര പാതയുടെ പ്രാരംഭം, ധനമന്ത്രിയായിരിക്കെ തൊടുപുഴയിലെ കടവ് പാലം തുടങ്ങിയ എണ്ണമറ്റ വികസന സംഭാവനകളാണ് ഉമ്മന്‍ചാണ്ടി ഇടുക്കിക്ക് നല്‍കിയത്. ആരോടും ശത്രുത പുലര്‍ത്താതെ അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഭരണഘടനയെയും നിയമസംവിധാനങ്ങളെയും അനുസരിച്ചും വിധേയപ്പെട്ടുമാണ് ഈ മനുഷ്യസ്‌നേഹി തന്റെ പൊതുജീവിതസരണിയെ ഉജ്ജ്വലമാക്കിയത്. എന്നെപ്പോലെ നൂറുകണക്കിന് യുവനേതാക്കളെ വാര്‍ത്തെടുക്കുകയും കര്‍മ്മകുശലമായ തന്റെ സാന്നിധ്യം വഴി സൗമ്യവും ദീപ്തവുമായ ആന്തരിക ശക്തിയാല്‍ തലമുറകളെ പ്രചോദിപ്പിക്കുകയും രാഷ്ട്രീയ കേരളത്തിന് കര്‍മ്മംകൊണ്ടു കൊണ്ട് തുല്യം ചാര്‍ത്തുകയും ചെയ്ത ഉമ്മന്‍ചാണ്ടി സാറിന്റെ സമാനതകളില്ലാത്ത അതുല്യ ജീവിതത്തിന് പ്രണാമമര്‍പ്പിക്കുന്നു.

Related Articles

Back to top button
error: Content is protected !!